മരണാനന്തരം
മരണാനന്തരം
------------------------
നിശബ്ദതയില്‍ നിന്നും
നീണ്ട ഒരു നിലവിളിയിലേക്ക്
മരണം ഒഴുകിപ്പോയി
നരകിച്ചു കിടന്നിരുന്ന
ഒരു ജീവന്‍റെ അവസാന
ശ്വാസക്കൈവഴിയിലൂടെ
എനിക്കു മരിക്കണമായിരുന്നു
വേദനയേക്കാള്‍
അമ്മയുടെ കണ്ണീരുകണ്ട്
ജീവിതം പണ്ടേ മടുത്തതാണ്
എന്‍റെ അസ്ഥികളില്‍ ക്യാന്‍സര്‍
പൂത്തു തുടങ്ങിയ നാള്‍മുതല്‍ക്കേ
കരയാന്‍ തുടങ്ങിയതാണ് അമ്മ.
നിലക്കാത്ത പ്രവാഹം,
ഉള്ളിലെവിടെയോ അമ്മയൊരു
മഞ്ഞുമല ഒളിച്ചുവെച്ചിട്ടുണ്ടാകണം
സ്നേഹത്തിന്‍റെ
വാത്സല്യത്തിന്‍റെ
ത്യാഗത്തിന്‍റെ തണുപ്പുണ്ടതിന്
എനിക്കറിയാം
എങ്കിലും അതൂര്‍ന്നിറങ്ങുമ്പോള്‍
എന്‍റെയുള്ളു പൊള്ളും
കരയാതിരിക്കാന്‍ പറയാറില്ല
ഒരുപാടുള്ള സങ്കടങ്ങള്‍ മാറാന്‍
അമ്മ കുടിച്ചു ശീലിച്ച
ഒരു ഒറ്റമൂലിയാണത്
ഇനിയും അമ്മ കരയട്ടെ !
മരണമറിഞ്ഞെത്തിയവരില്‍
ചിലര്‍ക്കു ഞാന്‍ വിധിയായിരുന്നു
ചിലര്‍ക്കു ദൈവഹിതവും
ചിലര്‍ക്കു വിപ്ളവകാരിയും
മറ്റു ചിലര്‍ക്കു ഗാന്ധിയേക്കാള്‍
സഹനശേഷിയുള്ളവനുമായിരുന്നു
അവരുടെ അടക്കംപറച്ചിലുകള്‍ക്ക്
കാറ്റിനേക്കാള്‍ നിശബ്ദതയുണ്ട്
നോട്ടങ്ങള്‍ക്ക് അഗ്നിയേക്കാള്‍ ഉഷ്ണവും
എനിക്കു പൊള്ളുന്നുണ്ട്
നോട്ടംകൊണ്ടാരൊക്കെയോ
എന്നെ ദഹിപ്പിച്ചെടുക്കുന്നു
പരിചിതമല്ലാത്ത പിന്നെയും
പല മുഖങ്ങള്‍
അരാണിവരൊക്കെ ?
ഞാനുമായിട്ടിവര്‍ക്കൊക്കെ
എന്താണു ബന്ധം ?
അച്ഛനോടു ചോദിക്കണം .
അതെല്ലാം അച്ഛനേ കൃത്യമായറിയൂ
സ്വന്തബന്ധങ്ങളെപ്പറ്റി,
അച്ഛനിപ്പോള്‍ തിരക്കിലാണ്
കരഞ്ഞുകൊണ്ടെന്തൊക്കെയോ
കാണിച്ചു കൂട്ടുന്നുണ്ട് പാവം
ഇടക്കു സമാധാനത്തിന്‍റെ കൊടി
പുതച്ചു കിടക്കുന്ന എന്നെ നോക്കി
മുദ്രാവാക്യം വിളിക്കുന്നുണ്ട് മൗനം
അച്ഛാ എന്ന് വിളിക്കാന്‍
ഇനിയുമെനിക്കാകും
പക്ഷേ ആ വിളികേള്‍ക്കാന്‍
അച്ഛന് കഴിയുമോ ?
എന്‍റെ ചോദ്യങ്ങള്‍ക്ക്
ഉത്തരം തരാന്‍,
ഒന്നിച്ചിരുന്ന് രാഷ്ട്രീയം സംസാരിക്കാന്‍
ചില അനുസരണക്കേടുകള്‍
കാണിക്കുമ്പോള്‍ വഴക്കു പറയാന്‍
ഇനിയുമച്ഛനു സാധിക്കുമോ ?
സത്യത്തില്‍ നമ്മളിലാരാണ് മരിച്ചത് ?
അതു ഞാന്‍ തന്നെയാകട്ടെ !
കൂട്ടുകാരെ എനിക്കു കാണണ്ട
അവര്‍ കുറച്ചുമാറി അപ്പുറത്ത്
കൂടി നില്‍ക്കുന്നുണ്ട്
ചേട്ടനും അവരോടൊപ്പം കാണും
വല്ലാത്തൊരു നഷ്ടമാണല്ലോ
മരണമേ നീയെനിക്കു തന്നത് എന്ന്
അവരെപ്പറ്റി ആലോചിക്കുമ്പോഴാണ്
തികട്ടി വരുന്നത്
ആ അവസാന ശ്വാസമൊന്ന്
വീണ്ടു കിട്ടിയിരുന്നെങ്കില്‍
എന്നാശിച്ചു പോകുന്നു
മരണത്തിന്‍റെ മരവിപ്പിലും
ജീവന്‍റെ തുടിപ്പിനായി ചികയുന്നു
വേണ്ട ഇനിയൊന്നും വേണ്ട
ഇനിയെനിക്കാരും വേണ്ട
ഇന്നീ ദിനം ഇവിടെ
കത്തിത്തീരുമ്പോള്‍
ജീവിതത്തെക്കുറിച്ചു ഞാന്‍
മറക്കാന്‍ തുടങ്ങും
ഭൂതകാലത്തിലെവിടെയോ വേദനകളോടേറ്റുമുട്ടിയ
ഒരു സമരമായി ഞാന്‍ മാറും
മരണത്തോടു മാത്രം സന്ധിചെയ്ത
ഞാനെന്ന സമരം
ഒരു കവിതയെഴുതും
ചാരമായിപ്പോകുമെങ്കിലും
എന്‍റെ ഹൃദയം രചിക്കുന്ന
മരണാനന്തരം എന്ന കവിത.
ശരത് സിത്താര
Not connected : |