ആ മൂന്നുദിവസങ്ങള്‍
പത്രോസും ശിഷ്യന്‍മാരും ഇരുളില്‍ തന്‍ഗുരുവിന്റെ
നഗ്നശരീരത്തിലുറ്റുനോക്കിയതുണ്ടോ?
ജീവന്റെ പ്രകാശംമാഞ്ഞന്ധകാരത്തിലേതോ
വേദനനിറഞ്ഞുള്ള രോദനം മുഴങ്ങിയോ?
അഞ്ചപ്പവും രണ്ടുമീനുംകൊണ്ടടങ്ങിയ
അഞ്ചായിരങ്ങളുടെ വിശപ്പും മടങ്ങിയോ?
ദൈവപുത്രന്‍ ജീവനായ്‌നല്‍കിയ വാഗ്ദാനങ്ങള്‍
ദൂരെ മരുവില്‍ മരീചിക തീര്‍ത്തുവോ?
തീരാത്ത ദു:ഖത്തിന്റെ ഭാരവും പേറി വീണ്ടും
പാപികള്‍ തന്‍ നാഥനെ തേടിയലഞ്ഞുവോ?
പിടക്കുന്ന ശരീരത്തില്‍നിന്നുറ്റുവീഴുന്നരക്ത-
കണങ്ങളെ താങ്ങെ ഭുമിഹൃദയം പിടഞ്ഞുവോ?
അശ്രുബിന്ദുക്കളെ തൊടാന്‍ കഴിയാതസഹ്യനായ്
നിശ്ചലനായികാറ്റ് വിതുമ്പിക്കരഞ്ഞുവോ
വേദനാനിശ്വാസത്തിന്‍ രോദനമലക്കുന്ന
ഗാല്‍ഗുല്‍ത്തപ്രദേശമേ നിന്നുള്ളം കലങ്ങിയോ?
ക്ഷമിക്ക ഇവരെ നീ എന്നരുളിയ നാഥന്‍
ക്ഷണത്തില്‍ മരണത്തിന്റെകൈകളില്‍ എത്തപെടെ
ധരണീ ഗര്‍ഭത്തിന്റെ കല്ലറപിളര്‍ന്നേറെ-
വിശുദ്ധജനങ്ങളും സ്വര്‍ഗ്ഗത്തില്‍ ഗമിക്കവേ
ദേവാലയത്തിന്റെ തിരശ്ശീല പിളര്‍ന്നപോല്‍
മാറിലെ ഇടിത്തീയെ മറിയ അടക്കിയോ?
വാവിട്ടുകരയുന്ന യൊഹന്നാനൊപ്പം നിന്ന
മേരി മഗ്ദലീനയുടെദു:ഖം മൂര്‍ച്ഛയില്‍കലാശിച്ചോ?
കുരിശിലെ ആണിക്കൊപ്പം മുള്‍കിരീടത്തിലെമുള്ളും
മനുഷ്യ ഹൃദയത്തിന്‍ ക്രൂരതയറിഞ്ഞുവോ?
തിരുവസ്ത്രം പങ്കിടാനവര്‍ ചീട്ടിടുമ്പോള്‍ദൂരെ
കുരിശിന്‍ഭാരമേറ്റ ശീമോനുംവിതുമ്പിയോ?
വരുക എന്നടുക്കല്‍ ജീവന്റെ ജലംനല്‍കാ-
മെന്നരുളിയ പരാപരപുത്രന്റെ വിയോഗത്തില്‍
കരഞ്ഞുശിഷ്യന്‍മാരും മാതാവ് മറിയയും
വിശുദ്ധ ജനതയും കുഞ്ഞാടും കവിതയും.
ഹരില
Not connected : |