തിരിച്ചറിവ്
വർഷകാലത്തിനിടയിലെന്നോ
കള്ളക്കർക്കിടകത്തിലൊരു നാൾ
ഏട്ടൻ്റെ പെങ്ങളായ് ഞാൻ ജനിച്ചു
ഏട്ടൻ്റെ വാൽസല്യമാം പാനപാത്രം
അക്ഷയ പാത്രമായിരുന്നെന്നും
ഒരു കുഞ്ഞു മിഠായി, ഒരു കളിപ്പാട്ടം
കുരുന്നു കൈകളിൽ മഞ്ചാടി മണികൾ
കിട്ടിയതൊക്കെയും പെങ്ങൾക്കു മാത്രമായ്
നൽകുവാൻ മാത്രമേ ശീലമുള്ളൂ
അമ്മതൻ വാൽസല്യമായിരുന്നില്ലെൻ്റെ
ഏട്ടൻ്റെ സ്നേഹം വളർത്തി എന്നെ
കുറുമ്പുകൾ കാട്ടി നടന്നൊരു കാലത്തും
അച്ഛൻ്റെ തല്ലെന്നുമേട്ടനാണ്
കണ്ണൊന്നു നിറയുമ്പോൾ, മനസ്സു വിതുമ്പുമ്പോൾ
ഏട്ടൻ്റെ നെഞ്ചേ പിടക്കാറുള്ളൂ
എന്നിട്ടുമെപ്പോഴോ സ്വാർത്ഥമാം ലോകത്ത്
നിസ്സ്വാർത്ഥ സ്നേഹം കാണാതെ പോയി ഞാൻ
ഞാൻ മറന്നെൻ്റെ ഏട്ടൻ്റെ സ്നേഹവും
പെങ്ങളെയോർത്തു വിതുമ്പും മനസ്സും
ഒന്നാ വഴിയരികിൽ നിന്നീടുമോ
പിൻതിരിഞ്ഞൊന്നെ നോക്കീടുമോ
ആ പാദ സ്പർശം നടത്തി ഞാനെൻ
കർമ്മ പാപങ്ങൾ അകറ്റീടട്ടേ...
Not connected : |