പുതിയ കാലം
പുര മെലിഞ്ഞു പോയതിന്റെ
സങ്കടം അവളെന്നും പറയും
അടുത്ത പറമ്പുകളിലെ
കൊഴുത്തു ചീർത്ത പുരകൾ
ദിനേന കാണുന്നതിനാലാവാം
പാതയോരങ്ങളിൽ
ഓലമേഞ്ഞ കുടിലുകൾ
കഞ്ഞിയോടൊപ്പം
ചക്കക്കുരു വറുത്തു തിന്ന
നാടൻ കാലം കഴിഞ്ഞു
കോൺക്രീറ്റു സൗധങ്ങളിൽ
അരണ്ട വെളിച്ചത്തിൽ
ഇരമിണുങ്ങുന്ന പുതിയ
പൊങ്ങച്ചത്തിലാണ് യൗവ്വനം
എന്തിനാണോലക്കു പകരം
കമ്പിയും സിമൻറും
കൂട്ടിക്കുഴച്ചാകാശം മറച്ചത്
എന്തിനാണ് മുറ്റത്തു കാത്തു നിന്ന
പുഴുക്കളുടെ ഭക്ഷണം
അകമുറിയിൽ തന്നെ നാം
ചർദ്ദിച്ചു തീർത്തത്
നാലാൾക്കു കൂടാൻ
നാലുമുറി മാത്രം മതിയാവാത്ത
നാടൻ ശീലുകൾ; കടം കൊണ്ടും
ഒപ്പമെത്താൻ കുതിക്കുന്ന
നാട്ടിൻ പുറത്തെ വേഷപ്പകർച്ചകൾ
ഒറ്റപ്പായയിലന്തിയുറക്കത്തിൽ
തോരാതെ പെയ്ത മഴക്കൊപ്പം
അകത്തേക്കിറ്റിയ കരിപിടിച്ച
തുള്ളികൾക്കൊപ്പമാണിന്നുമെന്റെ
സഞ്ചാരമെന്നവളോടു പറയാൻ വയ്യ
വേനലിന്റെ ചൂടും, മഞ്ഞിൻ കുളിരും
മഴയുടെ തണുപ്പും, കാറ്റിൻ സീൽക്കാരവും
എല്ലാം പുതുയുഗത്തിന്റെ ചില്ലു കൂട്ടിൽ
അനുഭവിക്കാതെയാസ്വദിച്ച
നവ തലമുറയുടെ പ്രതിനിധിയാണവൾ
Not connected : |