അച്ഛന്‍
നേർ വായനക്ക് ശ്രമിച്ചപ്പോളൊക്കെ
കുതറി മാറിയ അക്ഷരക്കൂട്ടുകൾ
കാവൽ നിന്ന് ഉറക്കം നഷ്ടമായപ്പോൾ
ഒറ്റക്കിരുന്ന് പതം പറഞ്ഞവർ
രണ്ടു കൈക്കരുത്തിലാണ്
നിലയില്ലാത്ത ജീവിതക്കഴത്തിൽ
മുങ്ങിത്താഴാതെ ഏറെ ജന്മങ്ങൾ
ഒട്ടേറെ ദൂരം നീന്തുന്നതെന്ന്
തിരിച്ചറിഞ്ഞ് കൈ കാത്തവർ
അനേകപ്പുകച്ചുരുൾ കൊണ്ട്
ശ്വാസകോശം കറപിടിച്ചാലും
വീടു ചത്തുപോയില്ലെന്നറിയുവാൻ
ഉമ്മറത്തിരുന്ന് ചുമച്ചു തീർത്തവർ
ശാപവാക്കുകൾ കൊണ്ട് കുത്തിയാലും
മറുത്തൊരക്ഷരം മിണ്ടാതെ
സങ്കടങ്ങൾ മുഴുവനും പേറി
നനഞ്ഞ കണ്ണുകളുതിർത്ത തുള്ളികൾ
തൻ നെഞ്ചിലേക്കു മാത്രമിറ്റിച്ചവർ
സംരക്ഷണത്തിന്റെ ബലിഷ്ട പേശികൾ
അയഞ്ഞു പോയെങ്കിലും
നേർത്ത ഒരു ശ്വാസവും, ചുമയും മതി
ആയുസ്സു തീരും വരെ വാതിൽക്കലേക്ക്
എത്തിനോട്ടക്കാരുടെ ശല്യമകറ്റാൻ
Not connected : |