അവകാശ തര്‍ക്കം
അപ്പൻ ചത്തതിന്റെ
പെല വീടും മുമ്പേ
ഉള്ള പറമ്പും വീടും
ഭാഗം വെച്ചേ മതിയാവൂ
വെട്ടിക്കീറി മുറിക്കാൻ
ആളെ വിളിക്കണം
ഇന്നു തന്നെയമാന്തിക്കാതെ
പൊതുശ്മശാനത്തിൽ
കുഴിച്ചിട്ടിരുന്നെങ്കിൽ
ആ മണ്ണ് പാഴാവില്ലെന്ന്
മണ്ണിനോട് മാത്രം കൂറുള്ള
മക്കളുടെ ആത്മഗതം
മലകേറി കുറച്ചൂടെ
വെട്ടിപ്പിടിച്ചിരുന്നെങ്കിൽ
നമ്മൾക്കേറെയുണ്ടാവുമെന്നായി
മക്കളെ പഠിച്ച പേരക്കുട്ടികൾ
ഇതു മുഴുക്കെ കെട്ടിപ്പിടി -
ച്ചിത്രകാലമെന്തുണ്ടാക്കിയെന്ന്
അരങ്ങടക്കിവാഴും മരു മക്കൾ
അവകാശ തർക്ക വശങ്ങളിൽ
പാശമേതും ചേരാതെ
പ്രാർത്ഥന മാത്രമായി നല്ല പാതി
എല്ലാം ഭാഗിച്ചു പിരിയുമ്പോൾ
കീറി മുറിക്കുവാൻ വയ്യാതെ
അളന്നെടക്കുവാനാവാതെ
അയലിലിട്ട തോർത്തു മുണ്ടു പോലെ
ഉമ്മറപ്പടിയിലൊരു ചിഹ്നമായ്
നനഞ്ഞൊട്ടിയവരിരുന്നു
ആരോടും കലഹിക്കാതെ
ആരു കൊണ്ടു പോവും
അകമുറിയിലപ്പോളും
തർക്കമവസാനിച്ചിരുന്നില്ല
Not connected : |