ശലഭങ്ങളായിരുന്നു നാം...
മിന്നാമിനുങ്ങിനെ കാണുമ്പോൾ
എന്നുമെന്നോർമകൾ പിന്നിലേക്കോടിയെത്തും.
മിന്നാമിനുങ്ങിനെ പെട്ടിയാൽ മൂടി
ആർത്തു രസിച്ചൊരാ നാളിലേക്ക്.
കല്ലെറിഞ്ഞിട്ടൊരാ മാങ്ങാപെറുക്കുവാൻ
ഓടിനടന്നൊരാ നാളിലേക്ക്.
തുമ്പിപിടിക്കുവാൻ,പൂക്കളംതീർക്കുവാൻ
മത്സരത്തോടൊന്നുറഞ്ഞു തുള്ളാൻ
ആരാരുംകാണാത്ത ചെമ്പോത്തിൻകൂട്ടിലെ
നീലക്കൊടുവേലി കട്ടെടുക്കാൻ.
നീലക്കൊടുവേലി കിട്ടാതെയാകുമ്പോൾ
വീമ്പുപറഞ്ഞു ഞെളിഞ്ഞുനിൽക്കാൻ
പായൽനിറഞ്ഞതാം തോടിന്റെ നെഞ്ചത്ത്
മത്സരിച്ചൂഴിയിട്ടാഴ്ന്നുപോകാൻ.
ആരാരുംകാണാത്ത നക്ഷത്രകൂട്ടത്തെ
ഭാവനയാലൊന്നു മെടഞ്ഞെടുക്കാൻ.
നെറ്റിയിൽ ചന്ദനചാലുകൾ മായാത്ത
കൂട്ടുകാരിക്കൊപ്പം കിനാക്കൾ കാണാൻ.
സ്വപ്നങ്ങൾ ഒന്നായ് പൂത്തുതളിർക്കുമ്പോൾ
തുമ്പികളായ് പറന്നുപോകാൻ .
ആയിരം സ്വർഗങ്ങൾ വാരിപുണർന്നാലും
മായില്ലൊരിക്കലും ബാല്യ കാലം..
____അർജുൻ കൃഷ്ണൻ
Not connected : |