പൊയ്മുഖ യാത്ര
വിജനമായ വഴികൾ മാത്രമാണല്ലോ
സഞ്ചാരത്തിന് തെരഞ്ഞെടുത്തത്
എന്നിട്ടും; ആരൊക്കെയോ എതിരിലൂടെ
നിത്യേന നടന്നു വന്ന് തുറിച്ചു നോക്കാറുണ്ട്
കാൽക്കാശ് ചിലവിന് കൊടുക്കാറില്ലെന്ന്
കോടതി മുറിയിൽ പുലഭ്യം പറഞ്ഞവൾ
തന്തയാരെന്ന് തിരിച്ചറിഞ്ഞുറപ്പിക്കാൻ
ഡി.എൻ.എ തന്നെ വേണമെന്നുരഞ്ഞ
മെയ്യബദ്ധത്തിൽ വിരിഞ്ഞ പൂവുകൾ
വേട്ടക്കിറങ്ങുമ്പോൾ വെളിച്ചം കാട്ടി
കൂടെ നടന്ന ഭ്രാന്തൻ കിനാവുകൾ
ഇര തേടി പതുങ്ങിയ കൂരയിൽ
നിലവിളിച്ച് ശബ്ദം പതിഞ്ഞു പോയ
പട്ടിണി മാറാത്ത പേക്കോലങ്ങൾ
ആൾപ്പെരുപ്പത്താൽ വിജനത നഷ്ടമായ
വഴിത്താരയിലൂടെയെങ്ങനെ ഇനി ?
സഞ്ചാരത്തിന് വേഗത കൂടി വരുന്നുണ്ട്
അസ്തമയത്തിന് മുമ്പേറെ ദൂരം താണ്ടി
ഏകനെന്ന പൊയ്മുഖമഴിച്ചു വെച്ച്
പാപഭാരങ്ങളുടെ ഭാണ്ഡക്കെട്ടുകളുമായ്
കടൽ തിരകളുടെ ഉപ്പുപാത്രത്തിലലിഞ്ഞ്
തീരങ്ങളിൽ നിലയ്ക്കാത്ത നിലവിളികളായി
ഇനിയുള്ള കാലം ആർത്തു കൊണ്ടേയിരിക്കണം
Not connected : |