മൗനം പറയുന്നത്  - മലയാളകവിതകള്‍

മൗനം പറയുന്നത്  

കണ്ണടച്ചു മനസ്സിലേക്കൊന്നു

കൂപ്പുകുത്തണം

ഓളങ്ങളിളകിയാഴങ്ങളിലേക്ക്

യാത്ര പോകണം

നാവു പറയാൻ മടിച്ചതെല്ലാം

ചെളിയിൽ പുതഞ്ഞടിഞ്ഞിട്ടുണ്ട്



പ്രതികരിക്കാതെ കുഴിച്ചുമൂടി

ചീഞ്ഞളിഞ്ഞ അവശിഷ്ടങ്ങൾ

തുരങ്കങ്ങളുണ്ടാക്കി,യടുപ്പു കൂട്ടി

കത്തിച്ചു കളഞ്ഞ പ്രതികാരങ്ങൾ

ജനിക്കും മുമ്പേ കൂട്ടിച്ചേർത്ത ബന്ധങ്ങൾ

കൊടുത്തിട്ടും മതിവരാത്ത സ്നേഹം

നില വിട്ടു നീന്തിയ പ്രണയമൽസ്യങ്ങൾ

കയങ്ങളിൽ ചൂണ്ടയിട്ടു പിടിച്ചൊരു പ്രണയവും



കൈയുയർത്താൻ മടിച്ച

നിമിഷങ്ങളോടവജ്ഞയും

ചെവിയേറ്റു വാങ്ങിയ ശരങ്ങൾ

പറിച്ചു കളയാത്ത വിങ്ങലും

ചികഞ്ഞു നോക്കിയുത്തരം കിട്ടാതെ

യിന്നും ചോദിക്കുന്ന ചോദ്യങ്ങളും

സൗരയൂഥത്തിനപ്പുറ

മിന്നും തിരയുന്ന ലോകങ്ങളും



സുഖദുഃഖങ്ങളുടെ തുലാസിന്റെ

യാരോഹണാവരോഹണങ്ങളും

ചിരിയും കരച്ചിലും

കുതിർന്നൊരു വിഴുപ്പുഭാണ്ഡവും.



മൗനമിന്നും നാവനക്കാതെ

മൗനിയായിത്തന്നെയിരിപ്പുണ്ട് ...


up
0
dowm

രചിച്ചത്:NayanaBaiju
തീയതി:28-02-2018 11:06:40 AM
Added by :നയനബൈജു
വീക്ഷണം:149
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :