തൊമ്മി
അപ്പന് റീത്തുകളുടെ
മണമാണെന്ന് കൊച്ചെറുക്കന്‍.
വാടിപ്പോയ പൂക്കളുടെ
കണ്ണീരുമ്മകള്‍
പറ്റിപ്പിടിച്ച മണമാണതെന്ന്
കുഴിവെട്ടുകാരന്‍
തൊമ്മിയ്ക്കപ്പോള്‍
പറയാന്‍ തോന്നും
പക്ഷേ മിണ്ടില്ല...
കൊച്ചെറുക്കനെ നെഞ്ചില്‍
ചേര്‍ത്ത് കിടക്കും
അമ്മയില്ലാത്തവനാ -
നമ്മുടെ മോനെന്ന്
ഭിത്തിയിലിരുന്ന് മറിയ-
പറയുന്നതും കേട്ട് കണ്ണടയ്ക്കും
നിങ്ങള്‍ക്ക് കുന്തിരിക്കത്തിന്‍റെ
മണമാന്ന് അവള്‍ പറഞ്ഞു വച്ച
ഉമ്മകളെ തൊട്ടെടുക്കും..
ഓരോ കുഴിവെട്ടിലും അയാളെ തേടി
എത്ര ആത്മാക്കള്‍ വന്നെത്തും
അയാളുടെ ചുണ്ടിലും കണ്ണിലും
ദേഹത്തും പലപൂക്കളുടെ ഗന്ധം
തൊട്ട് വച്ചവര്‍ ചിരിക്കും
ആത്മാക്കള്‍ക്കൊപ്പം..
തൊമ്മി ചിരിക്കും
എന്നിട്ടും...
മറിയ മരിച്ചപ്പോള്‍
അവള്‍ക്കപ്പോള്‍ വെട്ടിയ
മത്തിയുടെ ഉളുമ്പ്-
മണമായിരുന്നെന്നും
കുടംപുളിയുടെ രുചിയാണ്
ചുണ്ടുകള്‍ക്കെന്നും
അവസാന -
ചുംബനം കൊടുത്തപ്പോള്‍
അയാള്‍
കണ്ടുപിടിച്ചിരുന്നു..
തൊമ്മിയേ തൊമ്മിയേന്ന്
മിടിച്ചുകൊണ്ടിരുന്ന
മറിയയുടെ ഹൃദയം പെട്ടെന്ന്
നിന്ന്പോയതെന്തെന്നാണ്-
മറിയയുടെ -
കുഴിവെട്ടിക്കൊണ്ടിരുന്നപ്പോഴും
തൊമ്മിചിന്തിച്ചത്-
അന്ന് മാത്രം ആത്മാക്കള്‍ വന്നില്ല
ഒന്നും പറഞ്ഞുമില്ല
പലപൂക്കളെ തൊട്ട് വച്ചുമില്ല
തൊമ്മിയപ്പോള്‍
മത്തിയുടെ ഉളുമ്പ് മണമല്ലാതെ
ഒന്നുമറിയുന്നുണ്ടായിരുന്നില്ല
Not connected : |