നയനം
നീല വിരിച്ചൊരാ ആകാശവീഥിയിൽ,
എന്നും കുളിർക്കുന്ന കാഴ്ചയായി.
ഒരു നേരമെന്നുടെ ഉള്ളിന്റെ ഉള്ളിലെ,
ദീപം ജ്വലിക്കുന്ന സ്നേഹമായി.
കാർവണ്ട് മൂളിപറന്നൊരാ പൂവിലും,
ദൃശ്യമേ നീയും ചലിച്ചു മെല്ലെ.
പച്ചയിൽ തീർത്തൊരു ഹരിതാഭ ഭംഗിയോ,
മോദം വിടർത്തുന്നു വെണ്മയോടെ.
വെൺപട്ടു തൂവലുടുത്തോരാ നേരമോ,
മോഹിക്കുവാനെനിക്കുൾ വിളിയായി.
ഈ നല്ല കാഴ്ചകൾ എന്നിലേക്കെത്തിച്ച,
നയനമേ നീ തന്നെ ജീവതാളം.
എന്നാലിന്ന് മാറുന്നു കാഴ്ചകൾ,
ചോരതൻ പാടുകൾ ഭൂവിലെങ്ങും.
കുടിലത നിറയുന്ന ഈ വഴിത്താരയിൽ,
കണ്ണീർ കാഴ്ചകൾ പെരുകുന്നിതാ.
തല്ലികെടുത്തുന്ന യൗവന ജീവിതം,
ഇരുളിലെ നയനങ്ങൾ തേടുന്നിതാ.
അന്ധകാരം നിറഞ്ഞാടുന്ന കോണിൽ,
കാഴ്ചക്ക് സ്ഥാനമൊട്ടില്ലതാനും.
ആരെയോ തേടി അലയുന്ന നേരമെൻ,
വീക്ഷണകോണുകൾ തെന്നി നീങ്ങി.
ശാപവർഷത്തിന്റെ വാക്കുകളുയരുമ്പോൾ,
ഒരു കയർ താങ്ങിലായി ആടുന്ന ജന്മം.
ഒരു കണ്ണിലൂടെ ഞാൻ കാണുന്ന കാഴ്ചകൾ,
പലതായി മാറുന്ന വൈവിധ്യമേ.
നല്ലൊരു കാഴ്ചകൾ മാത്രമേ കാണുവാൻ,
ഇനിയെന്തു തപമോ ചെയ്യേണ്ടു ഞാൻ.
Not connected : |