'കുഴിവെട്ടുകാരന്‍'
ആറടി മണ്ണളന്നു മുറിച്ചു
വെട്ടിയൊരുക്കണം
വെള്ള പുതച്ചേവര്‍ക്കു-
മുറങ്ങാനൊരാറടിമണ്‍കൂട്
മനസ്സിടറാതെ,
വിറയ്ക്കാത്ത കൈകളില്‍
മണ്‍ വെട്ടി യേന്തണം
കുഴികുത്തിക്കൊണ്ടേയിരിക്കണം!
മനസ്സു പതം വരുമത്രേ!
ആരോ പറഞ്ഞു കേട്ട
വെറും വാക്കുകള്‍ മാത്രമത്.
നിങ്ങളറിയണുണ്ടാവില്ല;
വിയര്‍പ്പുകണങ്ങള്‍ക്കൊപ്പ-
മെന്‍റെ കണ്ണീരും ചേരണുണ്ടീ
മണ്ണിലെപ്പോഴും
ആരോക്കെയെത്തുന്നുണ്ടീ
അതിഥി മന്ദിരത്തില്‍ ?!
ധന്യതയുടെ മടിത്തട്ടില്‍
സസുഖം വാണവരുണ്ട്
തുണിക്കെട്ടിനും പുറത്തേക്കുന്തിയ
എല്ലുമായ് ചില ഭാഗ്യഹീനര്‍
ഓടിത്തുടങ്ങും മുന്‍പ് തിരികെ യാത്രയായ
പൈതങ്ങള്മെത്രയോ!
അന്നത്തിനു കടം ചോദിച്ചു
നീട്ടിയ കൈയ്യില്‍ കാര്‍ക്കിച്ചു തുപ്പിയ
മുതലാളിയ്ക്കന്ത്യ വിശ്രമമൊരുക്കാന്‍
പാതിരാവില്‍ വന്നു വിളിച്ചപ്പോഴും
പരാതിയില്ലാതെ കൈക്കൊട്ടുമേന്തി
ഇറങ്ങി വന്നു ഞാന്‍!
എന്തെന്നാലിതെന്റെ നിയോഗമാണ്
അന്ത്യയാത്രാ വേള യിലൊരു
ചെറു വഴിയമ്പല മൊരുക്കല്‍...
പിന്നീടൊരു ദിനം,
കുഴിവെട്ടുകാരന്‍ മരിക്കുമ്പോള്‍
മറ്റൊരുവന്‍ കൈക്കൊട്ടുമേന്തി വരും
ഈ കുഴിവെട്ടുകാരനൊരു കുഴികുത്താന്‍ !
ഒരുപാടോര്‍മകളെ
കുഴിച്ചു മൂടാന്‍!!
Not connected : |