സൗഹൃദങ്ങൾ
ഇന്നലെ നിങ്ങളുടെ സൗഹൃദ വലയത്തില്‍ എന്നെയും കൂട്ടാമോ എന്നു ചോദിച്ച് ഞാന്‍ വന്നപ്പോള്‍ നിങ്ങളെന്നെ ആട്ടിയോടിച്ചില്ലേ..?
ഇന്നെന്തിനാണ് എന്നില്‍ നിന്നും തുടങ്ങി ഒരു പുതിയ വലയം പണിയാന്‍ നിങ്ങള്‍ ശ്രമിക്കുന്നത് ,
എനിക്കറിയാം ഇന്നലെ വരെ ഞാന്‍ ഒരു കൂലിപ്പണിക്കാരനായ അച്ഛന്റെ,
ദാരിദ്ര്യരേഖക്കും താഴെ മേല്‍വിലാസത്തില്‍ അറിയപ്പെടുന്ന വ്യക്തി മാത്രമായിരുന്നു.
അന്നൊക്കെ വിദേശത്തുനിന്നും നിങ്ങളുടെ പിതാമഹന്മാര്‍ നിങ്ങള്‍ക്കയച്ചു തരുന്ന നോട്ടിന്റെ കനത്തില്‍ നിങ്ങളെന്റെ മുന്നിലൂടെ കിടപിടിച്ചു നടന്നിരുന്നു.
പിസ്തയും ബര്‍ഗറും ഷവര്‍മ്മയും നിങ്ങളുടെ ദിനചര്യ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു.
അതിലൊന്നും ഭാഗവത്താവാന്‍ അച്ഛന്റെ പോക്കറ്റില്‍ നിന്നും പണം മോഷ്ടിക്കാന്‍ മനസ്സാ-സാധിക്കാത്തതുകൊണ്ട് ഞാന്‍ നിങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തനായി.
(കൂട്ടത്തില്‍ പെടാത്തതിനെ കണ്ടെത്താന്‍ പറഞ്ഞപ്പോള്‍ എന്നെമാത്രം മാറ്റി നിര്‍ത്താന്‍ ആ ഒന്നാംക്ലാസിലെ കുട്ടിക്കുപോലും സാധിച്ചു.)
വര്‍ഷങ്ങള്‍ക്കുശേഷം കണ്ടപ്പോള്‍ ഒരു പഴയ സൗഹൃദം പൊടിതട്ടിയെടുക്കാന്‍ നിങ്ങള്‍ ശ്രമിച്ചപ്പോള്‍
"ഞാന്‍ നിങ്ങളുടെ സുഹൃത്തായിരുന്നില്ല."
എന്ന എന്റെ മറുപടിയെപോലും നിങ്ങള്‍ തമാശയിലേക്ക് തര്‍ജ്ജിമ ചെയ്തില്ലേ..?
ഇന്നലെവരെ ഞാനും നിങ്ങള്‍ക്കിടയില്‍ ജീവിക്കുന്നുണ്ടായിരുന്നു..
തട്ടിപ്പ് നടത്താതെ മോഷ്ടിക്കാതെ വാക്കുകള്‍ പോലും കടം വാങ്ങാതെ.
നിങ്ങളുടെ ആഢംബര കാറിനു മുന്നിലൂടെ ഞാന്‍ പലവട്ടം റോഡ് ക്രോസ്ചെയ്തിട്ടുണ്ട്
തണുത്ത വെളുപ്പാന്‍ കാലത്ത് അറിയാതെ കൂട്ടിമുട്ടിയപ്പോള്‍ പരസ്പരം ക്ഷമപറഞ്ഞ് അകന്നിട്ടുണ്ട് .
എനിക്കറിയാം നിങ്ങള്‍ക്കാര്‍ക്കും അതൊന്നും ഓര്‍മ്മ കാണില്ല .
കാരണം നിങ്ങളും ഞാനും രണ്ടു ലോകത്താണ് ജീവിച്ചിരുന്നത്.
ഇന്ന് നിങ്ങള്‍ നിങ്ങളുടെ സൗഹൃദയ കൂട്ടായ്മയിലേക്ക് എന്നെ ചേര്‍ക്കാന്‍ രസീതുമായി വന്നത്
എന്റെ പദവിയുടേയും ബാങ്ക് ബാലന്‍സിന്റേയും പിന്‍ബലം കണ്ടിട്ടാണെന്നറിയാം.
ക്ഷമിക്കൂ സുഹൃത്തുക്കളെ, ഞാനിന്ന് മറ്റേതോ ഒരു സൗഹൃദവലയത്തിലെ അംഗമാണ്.
Not connected : |