മഴയുടെ താളമുള്ള ഒരു ഗസല്‍ - തത്ത്വചിന്തകവിതകള്‍

മഴയുടെ താളമുള്ള ഒരു ഗസല്‍ 

അഗാധമൗനത്തിന്‍റെ ഗസല്‍
പൂത്ത ചോളവയല്‍ പോലെ ആകാശം
തിനവിളയുന്ന പാടങ്ങളില്‍
നിന്നിറങ്ങിയ സൂര്യന്‍
ഗോതമ്പു വയലുകളില്‍
ധാന്യം വറുത്തെടുക്കുന്നു
ആത്മാവിന്‍റെ ഗ്രന്ഥങ്ങളില്‍ നിന്നു പറന്നു
പോയ ശലഭങ്ങളുടെ താഴ്വാരം
ഈ കടുകു പൂത്ത വയലരികിലൂടെയാണ്
ഗ്രീഷ്മത്തിന്‍റെ സൂര്യന്‍ ചിറകുവിരിച്ചത്
വേരുകളുടെ ജലം കുടിച്ച ആകാശം
അഗാധമൗനത്തിന്‍റെ കുട ചൂടി നില്ക്കുന്നു
ഇവിടെയാണ് നമുക്ക് ദാഹം നഷ്ടപ്പെട്ടത്
ആത്മാവിലേക്കുളള ജാലകങ്ങള്‍
അടഞ്ഞു പോയത്
വേദനയ്ക്ക് ആമുഖം വേണ്ടെന്ന് പക്ഷികള്‍
ചിറകുകള്‍ക്ക് ദിക്കുകളറിയാം
പാദങ്ങള്‍ക്ക് ചതുപ്പുകളറിയാം
വേനലില്‍ ഒരു പക്ഷിയായി ജനിയ്ക്കണം
വേലിയിറക്കങ്ങള്‍ക്കു മീതെയും
ഉഷ്ണക്കാറ്റിന്‍റെ പ്രഭാവത്തിനു മേലെയും
ഉപ്പുകാറ്റിന്‍റെ ചൂളംകുത്തലുകള്‍ക്കിടയിലും
ഒരു പക്ഷിയായിരിക്കണം
കുന്നിറങ്ങിയ വാഹനങ്ങളില്‍
കൂടുകൂട്ടിയ ചില്ലകള്‍ വിരുന്നു പോകുന്നു
വേരഴിഞ്ഞു പോയ മണ്ണും
കൂട്ടിന് യാത്ര പോകുന്നു
പണ്ട് ചോളവയലില്‍ നിന്നോടൊപ്പം
ഇരുന്നപ്പോള്‍ കേട്ട അതേ ഗസല്‍
മഴപെയ്യുമെന്നതേ സ്വപ്നം
മഴയുടെ ഗന്ധമാണാ ഗസലിന്

കവിത എഴുതിയത് :ജയരാജ് മറവൂര്‍


up
0
dowm

രചിച്ചത്:
തീയതി:10-12-2018 10:57:18 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :