ഒരു സ്ഥിരം മദ്യപാനി
പതിവോളം കുടിച്ചില്ല പാതിരാവായില്ല
പണയപ്പണം പിന്നേം മടിയിൽ ബാക്കി
ശഠിച്ചു ലേശവുമിനി തരില്ലെന്നവർ
ശ്രമിച്ചു സമനില വിട്ടു പലവുരു
തുടിക്കുന്ന മിഴികളുടെ മുതുകിൽ ചാടിക്കേറി
ഒടുക്കത്തെ യാത്രക്കയ്യോ ഒരുങ്ങുന്നു ബോധം
പതിവോളം കുടിച്ചില്ല പാതിരാവായില്ല
പണയപ്പണം പിന്നേം മടിയിൽ ബാക്കി
മടിച്ചു കത്തുന്ന വിളക്കും തറയിൽ
മലർന്നു കിടക്കുന്ന മേൽകൂരയും
നിവർന്നു നില്ക്കുന്നില്ലൊരു വസ്തു പോലും
നുകർന്ന കള്ളിന്റെ കരുത്തിന്റെ മുന്നിൽ
പതിവോളം കുടിച്ചില്ല പാതിരാവായില്ല
പണയപ്പണം പിന്നേം മടിയിൽ ബാക്കി
അഴിയുന്ന മുണ്ടിന് തികയാക്കൈകൾ കണ്ടു
അടക്കി ചിരിക്കാനടുത്തില്ലിന്നാരും
മുറുക്കി ഉടുത്താലും മുക്കോളമെത്തില്ലെ
ന്നുറപ്പിച്ചു ചിരിക്കാൻ തെല്ലു നർമ്മ ബോധം ബാക്കി
ചിരിച്ചു ചിരിച്ചമ്പേ കുടല് പുറത്തായതിൽ
പിണച്ചു വലിച്ചോണ്ട് കടയ്ക്കു പുറത്ത്തിട്ടാരോ
തെറിച്ച ബീഡിപ്പൊരി നിറഞ്ഞ മാനം നോക്കി
തെരുവിൻ സുഖം പറ്റി കിടന്നു മയങ്ങിപ്പോയ്
പതിവോളം കിടന്നില്ല പകൽ വന്നതിവേഗം
പരിഷപ്പട്ടികൾ ചുറ്റും നടക്കുന്നു മത്തരായ്
പണയപ്പണം ബാക്കി പൊതിഞ്ഞതും പോയി
പടവാളോങ്ങി ബോധം കുടഞ്ഞയ്യോ വരുന്നു
തുണിയില്ലെന്ന ബോധം, തെരുവെന്ന ബോധം
തുടരെ തലേന്നരോ സമ്മാനിച്ചെന്ന ബോധം
പണമില്ലാ ബോധം വീട്ടിലരിയില്ലാ ബോധം
പഠിക്കാനയക്കാത്ത മക്കളുണ്ടെന്ന ബോധം
ഇനിയും മരിക്കാത്ത ഭാര്യയുണ്ടെന്ന ബോധം
ഇന്നത്തേക്കൊരു താലി ബാക്കിയുണ്ടെന്ന ബോധം
Not connected : |