പച്ചമണ്ണ്
ഇനി നമുക്ക് ശവക്കച്ചകളുടുത്ത് പ്രണയിക്കാം
ഒരേകുഴിമാടത്തിലേക്കെടുക്കും മുന്‍പ് ആത്മാക്കളായി
നാം നട്ട റോസാപുഷ്പങ്ങളോട് സല്ലപിക്കാം
കാണാതെ പോയ മണ്ണിന്‍റെ
ആര്‍ദ്രദലങ്ങളിലെ ലവണരസമാകാം
മഴനീര്‍പ്പച്ചകളായി പുനര്‍ജനിയ്ക്കാം
ഇതേ അറിവും നിറവും ആഴവും
പരപ്പുമായിരുന്നു നമുക്ക്
പക്ഷേ വീണുടയുന്നതിന്‍മുന്‍പ്
ഹൃദയത്തിലെ മുറിവുകള്‍ക്ക് ഔഷധമാകുവാന്‍
പച്ചവാക്കായി പുനര്‍ജനിയ്ക്കുവാന്‍
മഴയുടെ കണ്ണായ് ചിതറിത്തെറിയ്ക്കുവാന്‍
മനസ്സില്ലായിരുന്നു
പച്ചമണ്ണിന്‍റെ തണുപ്പായിരുന്നു വിധിച്ചത്
ഇനി നമുക്ക് ശവക്കച്ചകളുടുത്ത് പ്രണയിക്കാം
അലങ്കാരവസ്ത്രങ്ങള്‍ നമുക്കിനി വേണ്ട
നമുക്കിനി ജാതിയില്ല,പേരുകളില്ല
ദേശങ്ങളില്ല,ഭാഷകളില്ല,നിറങ്ങളില്ല
പണം നമുക്കു വെറും കടലാസുതുണ്ടുകളാണ്.
സ്വര്‍ണ്ണം നമുക്കൊരു ലോഹം മാത്രമാണ്.
നാം നടന്ന അതേ മണ്ണിന്‍റെ ഗന്ധം
നമുക്കായി അന്നം വിളഞ്ഞ മണ്ണിന്‍റെ ഗന്ധം
ഇനി നമുക്ക് ശവക്കച്ചകളുടുത്ത് പ്രണയിക്കാം
Not connected : |