ശൂർപ്പണഖാ വിലാപം
ശൂർപ്പണഖാ വിലാപം
തിരിച്ചു തന്നാലും സൗമിത്രേ
നീ നിന്റെയഹന്തയാൽ വെട്ടി മുറിച്ചുകളഞ്ഞൊരെൻ സുഗന്ധ സ്ത്രീത്വം.
തിരിച്ചുതന്നാലും നിൻ
പരുഷമാം വചനങ്ങൾ തകർത്തു കളഞ്ഞൊരീ കാട്ടുപെണ്ണിന്റെയഭിമാനം
ഒരിക്കൽ നിൻ സ്നേഹത്തിനായ് തുടിച്ചൊരെൻ മാറിടം
അറുത്തു കളഞ്ഞല്ലോ സുമിത്രാത്മജാ നീ
ഒരിക്കൽ നിൻ പ്രേമ ഗന്ധം നുകരുവാൻ വിടർത്തിയ നാസികയറുത്തു നീയാ വനവാടിയിൽ ചോരപ്പൂക്കളാക്കി
അറിയുമോ നിനക്കു , നീയേകിയ നിർദാക്ഷിണ്യ
ദണ്ഡനമേറ്റൊരെൻ ഹൃദയ ദു:ഖം?
പറയുവാനാകാത്ത നൊമ്പരം പിടയുന്നു വ്രണിതമെന്നാത്മാവിൻ കൂട്ടിനുള്ളിൽ
ആര്യനാണച്ഛനെന്നാൽ വലിച്ചെറിഞ്ഞിരുന്നെന്നെ പണ്ടേ
ആരണ്യ ഹൃദയത്തിൻ മുൾപടർപ്പിൽ
വൃഷലിയാം മാതാവുമെന്നെ വെറുത്തിരുന്നെന്തു കൊണ്ടോ
കടുത്ത ദാരിദ്യത്തിൻ കഠിനതയോ ?
വയറു കാളുന്ന നേരം തരിവറ്റു കിട്ടാതെ
ഇടറുന്ന കാലത്തിൻ താരാട്ടു കേൾക്കെ
എവിടേക്കോ പോയതാണെന്നേട്ടൻമ്മാർ അവരും ഓർത്തതില്ലല്ലോയീ കുഞ്ഞനുജത്തിയെ?
മണമില്ല ,ഗുണമില്ല
നിലാവിന്റെ നിറമില്ല
നിശ തൻ നിഴൽ പോൽ
നീണ്ട ചികുരമില്ല.
മിഴികളിൽ മാണിക്യമില്ല
ചൊടികളിൽ ചുവപ്പുമില്ല
മൊഴിയുന്ന മൊഴിയിലൊരു കിളി വന്നില്ല'
മാറത്തു നീലാരവിന്ദം വിടർന്നു
നിന്നില്ലയെൻ ഉദരമൊരാലിലയായൊതുങ്ങിയില്ല.
പാണികൾ ചെമ്പനീർത്താരുകളായില്ല.
ചന്ദന ഗന്ധമെൻ വിയർപ്പിനില്ല.
ഞാൻ ചിരിക്കുമ്പോൾ മുല്ലമൊട്ടുകൾ വിടർന്നില്ല.
സ്നിഗ്ദ്ധഹാസമൊന്നെൻ ചുണ്ടിൽ തിളങ്ങിയില്ല.
എൻ കഴലമരുമ്പോൾ
നൂപുരം ചിരിച്ചില്ല, കാഞ്ചന വളകളെൻകൈയ്യിൽ കിലുങ്ങിയില്ല
ഇന്ദ്രനീലങ്ങൾ കൊണ്ടു നിറഞ്ഞില്ലെന്നംഗുലികൾ .
നീരാളം ചുറ്റിയ ചേലുമില്ല
മൈലാഞ്ചി ചോപ്പെന്നിൽ
ചുവന്നതില്ല.
മനോജ്ഞമാം രൂപം ദൈവം തന്നതില്ല
എങ്കിലും ശൗരേ
ശ്യാമമേഘജാലങ്ങളെന്റെ കണ്ണിൽ കനിവോടെയെന്നും വിരുന്നു വന്നു
മൂവന്തിച്ചുവപ്പിലായധരങ്ങൾ വിടർന്നു .
വനമുല്ലകൾ കോർത്തു
ഞാൻ മുടിയിൽ ചാർത്തി.
കാട്ടരുവിയിൽ നീരാടി ഞാൻ .
കാട്ടുപൂവിറുത്തു ഞാൻ .
കാട്ടു മാൻ കുട്ടി തൻ പിറകെയോടി
കാട്ടു തേൻ കുടിച്ചു
മദിച്ചതാം ലഹരിയിൽ പാട്ടുകൾ പാടിത്തുടിച്ചൊരെൻ ജീവിതം
പാതിരാപ്പൂ പോൽ വിടർന്നു നിൽക്കേ
അന്നൊരു സന്ധ്യാനേരം
സരിതമാം സരോവരം
സരോരുഹങ്ങളറുത്തു ഞാൻ
തിരിഞ്ഞു നിൽക്കെ
കണ്ടു നിൻ രമ്യഗാത്രം
പൗരുഷമാർന്ന നേത്രം
കാമ സ്വരൂപനായ് നീ വിളങ്ങി നിൽക്കെ
അതുവരെയറിയാത്തോരാനന്ദലഹരിയിൽ
അതിഗാഢമേതോ അഭിരാമ മോഹത്തിൽ
അറിയാതെ ഞാനന്നു മയങ്ങിപ്പോയി
നീയറിയാത്തൊരു നൊമ്പരം
നിന്നെച്ചൊല്ലി പേറി നടന്നു
ഞാൻ മൂകമായി
പ്രണയം തിളച്ചെന്റെ
ഹൃദയമുരുകിയെന്നാൽ, കമനീയഗാത്രൻ നീയെന്നെയറിഞ്ഞതില്ല
നീല നിലാവിൽ കാട്ടു ചോല
മറഞ്ഞു കൊണ്ടേ
പർണ്ണശാലയിലമരും നിന്നെ വീണ്ടുമടുത്തു കണ്ടു.
ആര്യനാം നിന്നോടെന്തീ കാട്ടുപെണ്ണോതുവാൻ ?
സൂര്യനെ തൊട്ടാവാടിക്കാകുമോ സ്നേഹിക്കുവാൻ ?
ആരണ്യം മുഴുവനും
ചിരിക്കുകില്ലേയെന്റെ പ്രേമ നിവേദനം പുറത്തു കേട്ടാൽ?
എങ്കിലും പ്രിയനേ കേൾക്കൂ
പ്രണയത്തിൻ നാദം.
വിശുദ്ധമല്ലോ അതൊരമ്പലമണി പോലെ
അലചിതറുന്ന നീലക്കടലുപോലെ
കോലക്കുഴലുമായ് പോകുന്ന തെന്നൽ പോലെ
അരിമണിപ്രാവിന്റെ ചിറകിലെ തൂവൽ പോലെ
പ്രണയമാം മഴയെങ്ങോ
പൊഴിയുന്നു നാമറിയാതെ
അതിനില്ല പദവികൾ
അതിനില്ല ജാതികൾ
കുലമഹിമകളതു തെല്ലും നോക്കുന്നില്ല
അതിനില്ല നവരത്നം ചൂടിയ ഭംഗികൾ .
സ്നേഹ മഴവില്ലിന്നേഴു നിറമേ പോരും.
അതു പട്ടു മഞ്ചങ്ങൾ തേടുന്നില്ലുറങ്ങുവാൻ
നിർമ്മല ഹൃദയങ്ങൾ തൻ ചൂടേ പോരും
പ്രണയമുയിർക്കുന്നു പൂവിലും ,പുല്ലിലും
ഇലയിലും,കാറ്റിലും
താരിലും ,തളിരിലുമീ
കാട്ടുമങ്ക തൻ ഹൃദയത്തിലും
ഈ കാട്ടുമങ്കതൻ ഹൃദയത്തിലും
അതു വിഹരിക്കുന്നു സ്വാതന്ത്ര്യ സാഗരത്തിൽ
അതിൻ പാട്ടുറങ്ങുന്നതുടഞ്ഞ നീഡങ്ങളിൽ
അന്നു നിന്നാശ്രമ വാടിയിൽ വന്നു ഞാൻ
തപ്തയായ്, പ്രേമവിരഹിണിയായ്
ലജ്ജയാൽ നിൻ നേർക്കു നോക്കുവാനാകാതെ
മുഖം കുനിച്ചന്നിവൾ നിൻ മുമ്പിൽ നിൽക്കേ
മൂകനായ് നീയേതോ
ബിന്ദുവിലെന്ന പോൽ
ദൂരേ നിസ്സംഗം നോക്കി നിൽക്കേ
ശാന്തനായോതി ശ്രീരാമദേവനുമെന്നോടായ്
പോയി നിൻ പ്രണയം പറക കുഞ്ഞേ.
പ്രേമഹർഷത്താൽ പുളകിതഗാത്രയായി
വ്രീളാവിവശയായ്, മുഗ്ദ്ധയായ് ഞാനെന്റെ ദിവ്യാനുരാഗം മൊഴിഞ്ഞീടവേ
നിന്റെയാ വിഷലിപ്ത മന്ദഹാസത്തിലെൻ ജീവനിലാകവേയിരുൾ പരന്നു
നിന്റെയേട്ടത്തിയാം വൈദേഹിയെക്കണ്ടെൻ
പ്രണയ ദു:ഖങ്ങൾ പങ്കുവയ്ക്കാൻ
പർണ്ണശാലയ്ക്കകത്തേക്കടി വച്ചില്ല ഞാൻ
പ്രതികാര ദാഹിയായ് നീയോടി വന്നു.
അറുത്തു കളഞ്ഞു നീ നിന്റെ ഖഡ്ഗത്താൽ വെട്ടിയെരിഞ്ഞെന്റെ മൂക്കും, മുലകളും.
അപ്പോഴും ചോര വറ്റാത്ത മാറിലസഹ്യമാം നൊമ്പരം തരിച്ചുനിൽക്കേ
ചുറ്റിലും പടരുന്ന രുധിര പുഷ്പങ്ങളും, പ്രജ്ഞയിൽ പ്രണയത്തിൻ പൂക്കളായി
രക്തമാണൊഴുകുന്നതെങ്കിലുമറി
യാതെയപമാനത്തിന്നഗ്നിയിൽ എന്നാത്മാവെരിഞ്ഞടങ്ങി
എത്ര ഞാൻ നിനക്കേകീ സ്നേഹത്തിൻ പൂക്കളെ
പകരം നീ നൽകീ മുന കൂർത്ത മുള്ളുകൾ
ഉടച്ചു കളഞ്ഞല്ലോ ദേവാ നീയെന്നഭിമാന സന്തോഷങ്ങൾ
ഉടച്ചെറിഞ്ഞല്ലോ നീ
എത്രയോ കിനാക്കളിൽ നിൻ വിരിമാറിലുറങ്ങിയോരെന്റെ സ്ത്രീത്വം
കൊന്നുകളയാഞ്ഞതെന്തെന്നെ നീ
സൗമിത്രേ? നിൻ ഖഡ്ഗമെൻ പ്രാണനെടുക്കാഞ്ഞതെന്തേ ?
നിനച്ചതില്ലെന്നെ നീ കേവല പ്രാണിയായ് പോലുമേ,സ്ത്രീഹത്യയെങ്ങനെ നിനക്കധർമ്മമാകും?
മൃതിയെത്ര ഭേദമെന്നെൻ മനസ്സുരയ്ക്കുന്നീ
സഹനത്തിന്നഗ്നിയിൽ ഞാൻ
പൊള്ളിപ്പോകെ
എങ്കിലും എന്റെ സ്നായുക്കളിലസ്തമിക്കുന്നില്ല നീയാം പ്രണയസൂര്യൻ.
എന്റെയീ മുറിഞ്ഞതാം മാംസ ചിന്തുകൾ
നിൻ വാളറുത്തിട്ട ചോര വറ്റാത്ത മാറിടം
നിന്നെയോർമ്മിക്കുമെന്റെയടയാളം.
ആരണ്യവാസത്തിനല്ലോ ഭവാൻ വന്നു.
ആദർശ ധീരനായ്, സോദര സ്നേഹിയായ്
കാനനച്ഛായയിൽ
യഥാസുഖം വാഴുക
ഒന്നിനുമല്ലാതെ നീ വേട്ടയാടി രസിച്ചൊരീ കാട്ടുമാനിന്റെ രുധിരം മറക്കുക .
നീ തന്ന പൊള്ളലിൽ നീറുന്ന ജന്മമായ് കാടു കേറിപ്പോമിവളെ നിൻ വിസ്മൃതിയിലേക്കെറിയുക.
Not connected : |