യക്ഷിയുടെ പ്രണയം
യക്ഷിയുടെ പ്രണയം
പാതിരാവിന്റെ നെഞ്ചിലായ് എന്റെ വള കിലുക്കങ്ങൾ കേട്ടുവോ?
പാതയോരത്തെ രാത്രിക്കു പാലപ്പൂവിന്റെ തൂമണം.
ആറ്റിൻ ചേറിൽ വിരിഞ്ഞ നീലാമ്പലിൻ താരുടലെന്തേ പിടയുന്നതിങ്ങനെ?
കാട്ടുചോലയിൽ പൂത്ത സുമങ്ങളെ കാറ്റു വന്നു തഴുകുന്ന നേരത്ത്
ഗാനമോതുന്നു കാതരയായിവൾ, കേട്ടതില്ലയോ നീയെന്റെ പാട്ടുകൾ?
ഞാൻ രാത്രി തൻ കാമിനി.
ചേതോഹാരിണി നിശാ സഞ്ചാരിണി.
കേട്ടിരിപ്പൂ നീയെന്നെ ഐതിഹ്യങ്ങൾ തൻ പഴമ ചോരാത്ത മുത്തശ്ശിക്കഥകളിൽ .
കണ്ടിരിപ്പൂ നീയെന്നെ നിലാത്തണുപ്പിന്റെ സ്പർശമോലുന്ന രാത്രി സ്വപ്നങ്ങളിൽ.
പഞ്ചമി ചന്ദ്രന്റെ തണുത്ത തലോടലിൽ നീയറിഞ്ഞില്ലേ എന്റെ വാത്സല്യത്തെ?
കാട്ടുപൂച്ച തൻ കറുത്തമിഴികളിൽ എന്റെ മൗനത്തെ കുടിയിരുത്തുന്നു ഞാൻ.
കാട്ടു ചെന്നായ തൻ ദംഷ്ട്രയിലൊന്നിലെൻ ക്രൗര്യമാകെ ഒളിപ്പിച്ചിരുപ്പൂ ഞാൻ.
അലയിളകുന്ന ജലധിയിൽ
തേടുക നീയെന്നന്തരംഗമാം കൊടുങ്കാറ്റിനെ .
സൂര്യതാപത്തിലുരുകിടും മഞ്ഞിലായ് തുളുമ്പിടുന്നെന്റെ കണ്ണുനീർത്തുള്ളികൾ .
സൂര്യശോഭയിൽ തെളിഞ്ഞൊഴുകും തടിനിയിൽ കാൺക നീയെൻ നിറഞ്ഞ ചന്തത്തിനെ.
കാട്ടുകുയിലിന്റെ പ്രേമ രാഗങ്ങളിൽ ചേർത്തുവയ്പ്പൂ ഞാനെന്റെ ശ്രുതികളെ.
പാമ്പുറങ്ങുന്ന കാവിന്റെയറ്റത്തു പൂത്തു നിൽക്കുന്ന മുല്ലയിൽ നീ മണക്കുന്നതെന്റെ നിശ്വാസങ്ങൾ.
മേടച്ചൂടിലുരുകി നീയുറങ്ങുമ്പോൾ നിന്റെ യരികെയൊരു ചെറു തെന്നലായ് വന്നെന്റെ സ്നേഹം നിന്നെ തലോടിയിട്ടുണ്ടെത്ര നാൾ.
വറുതിയായ്, പേമാരിയായ്, കൊടുങ്കാറ്റായി
ചിലപ്പോൾ പ്രളയമായെന്റെ കാമം
നിന്നിലഗ്നി വർഷമായ് പെയ്യാൻ വിതുമ്പിയിട്ടുണ്ടെത്ര നാൾ.
ആടിമാസക്കുളിരായി വർഷമായി
വന്നു ചുംബിച്ചു നിന്നിലെന്റെ പ്രണയം പകർന്നു ഞാൻ.
ജന്മജന്മങ്ങളായ് നിന്റെ കാല്പ്പാടുകൾ പിന്തുടരുന്നിവൾ, നിന്നെ തേടുന്നുവെങ്കിലും
വേദനിക്കുമെന്നാത്മാവറിയുന്നു
നിന്നിലൊരു മൂകസാമീപ്യം
മാത്രമാകുന്നു ഞാൻ.
ജന്തുജാതങ്ങളുറങ്ങുന്ന ക്രൗര്യ വനഭൂമിയിൽ
ജലദ ജാലങ്ങൾക്കു താഴെയിരുളേന്തി നിന്നു പച്ച നീർത്തുന്ന പനകളിൽ
ഏഴു നിലകളിൽ,ഏഴു വർണ്ണങ്ങളിൽ സുവർണ്ണ മാളിക തീർത്തു നിനക്കായി വെൺമ തോൽക്കുമെന്നുടൽ മലർമെത്തയാക്കി
വിരിപ്പവൾ നിനക്കായി കാത്തുനിൽപ്പവളിവിടെ ഞാൻ.
പാതിരാവിലൊറ്റ മനമായ്, ശരീരമായ് വേണ്ടുവോളമിവിടെ വിഹരിക്കാൻ
കാട്ടുപൂവിൻ മദിപ്പിക്കും ഗന്ധത്തിൽ കാട്ടുമാനുകളായി കളിയാടാൻ
പിന്നെയീയലസമാം രജനിയിൽ,
വർണ്ണസ്വപ്നങ്ങൾ തീർത്ത മഞ്ചത്തിലെ
കുഞ്ഞു പൈതലായ് നീ നിദ്ര പൂകീടവേ
നിന്റെ രക്തമെൻ ദാഹമായീടുന്നു.
നിന്നിലലിയാൻ ഞാൻ കൊതിച്ചീടുന്നു
വരികയായി ദംഷ്ട്രകൾ, തേറ്റയായി ദന്തങ്ങൾ
ക്രൗര്യമാർന്നു ചുവന്നതാം
അധരങ്ങൾ
കുന്തമുനകളായി നീളുന്ന നഖരങ്ങൾ.
ഇറുത്തെടുക്കുന്നു രക്തപുഷ്പങ്ങളായ്
നിന്നിൽ മാത്രമായി ഞാനർപ്പിച്ച പ്രണയത്തെ .
അമർന്നു പോകുന്നു നിന്റെ ദീനമാം രോദനം
മണിമുഴക്കുന്നുവെന്നട്ടഹാസങ്ങൾ.
നിന്റെ പല്ലും, നഖവും മാത്രമാ പാതയോരത്തു
വീണു കിടക്കവേ
സ്വന്തമാകുന്നെനിക്കു നീയെന്നേക്കുമായ്
ഇനി വരില്ലിത്രനാളും നീയില്ലാതെ ഞാൻ തപിച്ചൊരാ ഏകാന്ത രാവുകൾ.
ഇനി വരാനില്ല നിന്റെയോർമ്മയിൽ
ഞാൻ തള്ളിനീക്കിയോരെന്റെ യാമങ്ങളും.
കാത്തു നിൽക്കുന്നു പ്രിയനേ നിനക്കായി
രാത്രി വളരുന്നു നീ വേഗമണയുക
കാട്ടുതീയായി നിൻ നെഞ്ചിൽപ്പടരുവാൻ
കാത്തു നിൽക്കുമിവളെ
പ്പുണരുക.
പാരിജാതങ്ങൾ പൂക്കുന്ന ഗന്ധമായ്
പാലപ്പൂവിന്റെയുൺമയായ്
വിരഹിയായ് കേഴും ചകോരത്തിൻ തേങ്ങലായ്
കാത്തു നിൽക്കുന്നിവൾ
രാത്രി തൻ കാമിനി
ചേതോഹാരിണി
നിശാസഞ്ചാരിണി.
Not connected : |