കറുത്ത പെണ്ണ്
കറുത്ത പെണ്ണ്
കറുത്ത പെണ്ണിന്റെ കണ്ണിൽ കാതരമായ പ്രണയത്തിന്റെ ചുവപ്പല്ല
വെളുപ്പു തൂകിപ്പരത്തിയ അപകർഷതയുടെ കറുത്ത മഷിയാണുള്ളത്.
കറുത്ത പെണ്ണിന്റെ നെഞ്ചിൽ ഇളം ചൂടുള്ള പ്രണയത്തിന്റെ കുറുകലല്ല
കറുപ്പിനോടുള്ള അവജ്ഞയാൽ വെളുത്തവൻ കോരി നിറച്ച കനലാണുള്ളത്.
കറുത്ത ചിറകുകൾ പറക്കാനായവൾ നീർത്തുമ്പോൾ കുളിച്ചാലും കൊക്കിന്റെ വെളുപ്പിലേക്കലിയാത്ത കാക്കയെ ചൂണ്ടി കറുപ്പു ചിരിക്കുന്നു.
വെളുപ്പിനെല്ലാ നിറങ്ങളും ചേരുമെന്നു പറഞ്ഞത് വെളുപ്പു തന്നെയാണ്.
കറുപ്പിനും, കറുത്ത പെണ്ണിനും ബാക്കിയായത് മഴവില്ലു കടം നൽകിയ ഏഴുവർണ്ണങ്ങൾ മാത്രം.
ഏതു നിറം ധരിച്ചാലെന്താ മൊത്തം കറുപ്പല്ലേയെന്നു കറുത്ത പെണ്ണിനോടു കൂട്ടുകാരും, നാട്ടുകാരും ചോദിച്ചു.
പെണ്ണുകാണൽ സഭകളിൽ വെളുത്ത മുഖങ്ങൾ അവളുടെ കറുപ്പിനു നേർക്ക് കൊഞ്ഞനം കുത്തി
പ്രണയം അവൾക്കു മുമ്പിൽ വെളുപ്പിന്റെ മേനി പറഞ്ഞതിനാൽ പാതിരാത്രി ആരും കാണാതെ കണ്ണീരോടെ അവളതിനെ കറുത്ത മാറിലെ നൊമ്പരച്ചിന്തുകൾക്കിടയിൽ
കുഴിച്ചുമൂടി.
അവൾ സൂക്ഷിച്ചു വച്ച വരണമാല്യം വാടിക്കൊഴിഞ്ഞുപോയി.
കറുത്തവളുടെ ജീവിതം എത്ര വിലപേശിയിട്ടും വിൽക്കപ്പെട്ടില്ല.
അവൾ കറുത്ത കരടായി വെളുപ്പിന്റെ മുന്നിൽ നിന്നു.
ഒരു നാൾ ആകാശം കറുത്തിരുണ്ടപ്പോൾ കറുത്ത പെണ്ണ് ഒരു മുഴം കയറിൽ തന്റെ കറുപ്പിന് അവധി കൊടുത്തു.
കറുത്ത മേഘങ്ങൾ ആർത്തലച്ചു പെയ്യുമ്പോൾ അവളുടെ
ആരുമൊരിക്കലുമറിയാത്ത
വെളുത്ത ഹൃദയം മാത്രം
അനാഥമായി കിടന്നു.
Not connected : |