ഗാന്ധർവം
കാർത്തിക പൊൻ തിരി പൂത്തു തെളിയുന്ന
വനലതാ ഗന്ധർവ മുറ്റത്തൊരന്തിയിൽ
കോർത്ത കുരുക്കുത്തി മുല്ല മാല്യങ്ങളും
ചന്ദന ചെമ്പക ധൂപ സുഗന്ധവും
മന്ത്ര ധ്വനി ശംഖ നാദവുമേറ്റൊരു
മല്ലിക കൂമ്പുന്ന നേരമാ സന്ധ്യയിൽ
കാർമിഴിക്കോണിൽ പൊടിഞ്ഞ നീർ മുത്തേന്തി
കാർവേണി നീ കരം കൂപ്പി തൊഴുകയായ്
മൃദുലാരുണ കപോലങ്ങളെ പുൽകിയാ
മണിമുത്തുകൾ ചുവപ്പേന്തിയൊഴുകവേ
ശോണാശ്‌മ ബിന്ദുക്കൾ മഞ്ചാടിയായ്
മറഞ്ഞോരോ തരുവിലും മിന്നി തെളിയവേ
കാവിലെ ഗന്ധർവ വിഗ്രഹവും ചെറു
സ്വേദ മണികളണിഞ്ഞു തുടിക്കവേ
കരവീര പൂക്കൾ കരത്തിലെടുത്തു നീ പ്രണയാർദ്രമായ് ദേവ പാദത്തിൽ ചേർക്കവേ
മാര ശര പരിതാപ വിവശനായ് മാനിനി
എന്നെ മറന്നു ഞാൻ നിൽക്കവേ
കരവീര പുഷ്പങ്ങൾ മൂടിയെൻ പാദത്തിൽ
അരികിലായ് നീയിതാ കൈ കൂപ്പി നിൽക്കുന്നു
ഗന്ധർവ മന്ത്രമുരുവിട്ടു നീയെന്റെ പാദങ്ങൾ
തൊട്ടു നിറുകയിൽ വെയ്ക്കുന്നു
പ്രിയ ദേവനാത്മ നിവേദ്യവുമായി നീ
അഴകോടെ മിഴി കൂമ്പി തൊഴുതിതാ നിൽക്കുന്നു
Not connected : |