ആനയോട്ടം
ആനയോട്ടം
അമ്പലത്തിൽ ഉത്സവമേളം നടക്കുന്നിടത്തു നിന്ന്
കോൽവിളക്കുകളുടേയും, തീവെട്ടികളുടേയും മധ്യത്തിൽ നിന്ന്
ഇഞ്ചി മിഠായിയുടേയും, അരിമുറുക്കിന്റേയും വാസന പ്രസരിക്കുന്ന മൈതാനിയിൽ നിന്ന്
ബലൂൺകാരന്റേയും വളക്കച്ചവടക്കാരുടേയും ബഹളത്തിൽ നിന്ന് ഞാനോടിയോടിപ്പോയി.
തിരിഞ്ഞു നോക്കാതെ,പ്രാണൻ വാരിപ്പിടിച്ച്, ചങ്ങലക്കൊളുത്തിന്റെ പിരിമുറുക്കത്തെ പിന്നിലാക്കി
ഭയത്തിന്റെ ആന തോട്ടി ആത്മാവിന്റെ
നാൽക്കാലുകളാൽ ചവിട്ടിയൊടിച്ച് ഞാനോടിയോടിപ്പോയി.
എന്റെ പച്ച നിറമുള്ള വീട്ടിലേക്ക് .
ഒരിക്കലെന്നെ പ്രസവിച്ചിട്ട അമ്മയുടെ, വൃദ്ധയെങ്കിലും രാമനെ കൗസല്യയെന്ന പോലെ എന്നെ പ്രതീക്ഷിക്കുമെന്ന് ഞാൻ കരുതുന്ന അമ്മയുടെ അടുത്തേക്ക് .
ഒരിക്കൽ പ്രണയം കൊണ്ടു മഷിയെഴുതിയ കണ്ണാൽ എന്നെ ഉഴിഞ്ഞിരുന്നവളുടെ
ചാരത്തേക്ക്.
ഞാൻ വാരിക്കുഴിയിൽ വീണതിനു സാക്ഷിയാകേണ്ടി
വന്നപ്പോൾ ചങ്കുപിളർന്ന
ഒരു കൂട്ടുകാരന്റെ ഓർമ്മയിലേക്ക് ഞാനെല്ലാം മറന്നോടിപ്പോയി.
ചെവിയിൽ കൊളുത്തി വലിക്കുന്ന
വലിയ വേദനയുടെ ലോകത്തു നിന്ന്
ലോറിയിൽ പലപ്പോഴും കുത്തി നിറയ്ക്കപ്പെട്ട ശരീരത്തിന്റെ
വിങ്ങലുകളിൽ നിന്ന്
തല പൊട്ടിപ്പിളരും ശബ്ദതാണ്ഡവ
ങ്ങളുടെ പഞ്ചാരി മേളങ്ങളിൽ നിന്ന്
ഞാനോടിയോടിപ്പോയി.
പിറകേ മയക്കുവെടി വന്നേക്കാം.
ആനത്തളയുമായി ഉടയോൻമാർ
പിന്തുടർന്നേക്കാം.
എങ്കിലും ഞാനെന്റെ കാട്ടിലെത്തും.
ഉറ്റവരെ തലോടും .
കുഞ്ഞുങ്ങളെ താലോലിക്കും
പനമ്പട്ടയും, കരിമ്പും ചവച്ച്
ഉല്ലാസത്തോടെ വിഹരിക്കും.
കാമിനിയൊരാൾ മോഹത്തോടെ
ക്ഷണിക്കും.
പൈതലൊന്നെന്റെ തുമ്പിയിൽ തൂങ്ങും.
കൂട്ടരെന്നെ വണങ്ങി നിൽക്കും.
കരിമ്പാറക്കെട്ടുകളും, കാട്ടുചോലകളും, കാനനവീഥികളും
എന്റെ കേളീരംഗങ്ങളാകും.
പക്ഷേ, ആരാണെന്നെ ഉണർത്തിയത്?
അതൊരു കതിന പൊട്ടിയ ശബ്ദമായിരുന്നു.
ഓ, ഞാനൊരു സ്വപ്നം കണ്ടതാണ്.
ഉത്സവമേളം തുടങ്ങുന്നതേയുള്ളൂ.
എന്റെ മുകളിൽ മുത്തുക്കുടകളും, വെൺചാമരവും.
എല്ലാം പഴയ പോലെ .ഞാനും.
Not connected : |