വാകമരം
എന്നുമീ വഴിയിൽ പൂത്തു നിൽക്കും
വാകമരം പോലെന്റെ ജന്മം
ഒരിക്കലും കായ്ക്കാൻ, തളിർക്കാൻ കഴിയാതെ
കാറ്റിലാടുമീ തരുവാണു ഞാനും.
എങ്കിലുമിങ്ങനെ പൂത്തുനിൽക്കും.
നിറമുള്ള സ്വപ്നങ്ങൾ ചാർത്തിനിൽക്കും.
ആകാശമെത്തുന്ന പൂങ്കുലകൾ
കാറ്റൊന്നു വന്നാൽ പൊഴിഞ്ഞുവീഴും.
ഓരോ മലരുമൊരു ജീവിതം പോൽ
ഉതിർന്നീ വീഥിയിൽ മയക്കമാകും.
ഉള്ളിന്റെ ഉള്ളൊരു പൊള്ളയെന്നാൽ
മലരിന്റെ പുഞ്ചിരിയതു മറയ്ക്കും.
ഇനിയും കൊഴിയുവാനെത്ര പൂക്കൾ.
എൻ ജീവന്റെ താളിലെ മയിൽപ്പീലികൾ .
ജീവിതമിങ്ങനെ തീർന്നു പോകും
ഒരു കൊടുങ്കാറ്റിൽ കടപുഴകും.
മാമരം കാത്തൊരെൻ ജന്മസൂനങ്ങളെ
കാലമെവിടെയോ ചേർത്തുവയ്ക്കും.
അതുവരെ ഈ വീഥി മലർ നിറയും
ആ വർണ്ണരാജിയിൽ
ഞാനൂയലാടും.
തളിരിടാനാവില്ല ഈ ജന്മമെങ്കിലും
പൂക്കുവാൻ, കായ്ക്കുവാൻ, തളിർക്കുവാനായി
മറുജന്മമൊന്നിനായി കാത്തിരിപ്പൂ .
Not connected : |