ഒരു തുള്ളിയിൽ പോയ മാനം
പുലർകാലസൂര്യന്റെ കിരണങ്ങൾ തഴുകുന്ന
ഉഷഃസന്ധ്യ കണ്ടങ്ങുണർന്നെണീറ്റിടവേ
പുൽക്കൊടിത്തുമ്പുകൾ തൂക്കിയ നീർക്കണം
നയനാഭിരാമമാം വജ്രഹാരങ്ങളായ്
ഭൂമിക്കു മാലേയമായ് വിരാജിക്കുന്ന
ദൃശ്യങ്ങൾ കണ്ണിൽ നിറങ്ങൾ ചാർത്തീടവേ
കുതിരക്കുളമ്പടിയൊച്ച കേൾക്കുന്നിതാ
ആരൊരാളാവാം തിരഞ്ഞു വന്നീടുവാൻ ?
നിമിഷങ്ങൾ രണ്ടുമൂന്നങ്ങു കൊഴിഞ്ഞുപോയ്
പടിവാതിൽ തള്ളിത്തുറന്നു വരുന്നൊരാൾ
പടയാളിയാണെന്നു വേഷത്തിൽ സൂചിതം
കുറിമാനമൊന്നുണ്ട് കൈകളിൽ ഭദ്രമായ്
ബഹുമാനമോടയാൾ ഉപചാരവും ചൊല്ലി
കുറിമാനമാദരാൽ നീട്ടിയുരചെയ്തു
"കൊട്ടാരനീട്ടുണ്ട് കൊണ്ടുചെന്നെടുവാൻ
അങ്ങെന്റെ കൂടെയെഴുന്നെൾക സത്വരം"
പെട്ടെന്നയാളുടെ കൂടെയിറങ്ങിയൊ-
രശ്വരഥത്തിൽ കരേറി ബീർബൽ മുദാ
ആവിതുപ്പുന്ന മുഖത്തോടശ്വങ്ങളാ
യാനം വലിച്ചുഗ്രവേഗമാർജിക്കവേ
ഹൃത്തിലാലോചനാമഗ്നനായ് ബീർബലും
എന്തായിരിക്കാം പുലർകാലസംഗതി?
അശ്വരഥം കുതിച്ചോടുന്നു, മാത്രകൾ
പിന്നിലൊളിക്കുന്നു പാർശ്വദൃശ്യങ്ങളായ്
കൊട്ടാരവാതിൽക്കലെത്തി രഥം നിന്നൂ
വാതിൽ തുറന്നു കൊടുത്തു പാറാവുകാർ
ശീഘ്രം നടന്നുള്ളിലെത്തിയ ബീര്ബലെ
അന്തഃപുരത്തിലേക്കാനയിച്ചൂ ഭടൻ
"അക്ബർ, മഹാനായ ചക്രവർത്തി, തന്റെ
പ്രാതഃസ്നാനത്തിനൊരുങ്ങുകയാണതാ
സൗഗന്ധികങ്ങളാം തൈലങ്ങൾ ദേഹത്ത്
തേച്ചുകൊടുക്കുന്നു മൂന്നാലു സേവകർ
അല്പവസ്ത്രങ്ങളുടുത്തു മഹാരാജൻ
താഴെപ്പതിച്ചൊരു തുള്ളിയെണ്ണ കൈയ്യാൽ
വാരിയെടുത്തു തൻ മേനിയിൽ തേച്ചിതാ.
ബീര്ബലടുത്തേക്കു ചെല്ലുന്ന വേളയിൽ!
നേരെ മുഖമുയർത്തുന്നനേരം തന്റെ
നേർക്ക് നിൽക്കുന്നൊരു ബീര്ബലെക്കണ്ടതും;
പാരമപമാനമായെങ്കിലും രാജ്യ-
കാര്യങ്ങളൊക്കെയും ചർച്ച ചെയ്തൂ നൂനം.
വീണ്ടുമൊരാഴ്ച കഴിഞ്ഞ ദിനത്തിലാ
ദൂതുമായ് സേവകൻ ബീര്ബലെക്കണ്ടിട്ടു
നേരേ ക്ഷണിച്ചങ്ങു കൊണ്ടുപോയക്ബർ തൻ
സ്നാനപ്പുരയിൽ വൃഥാകാര്യമത്ഭുതം !!
കാഴ്ചകണ്ടൂ ബീർബൽ ദൂരെനിന്നേ തന്നെ
ദിവ്യ സുഗന്ധ ലേപങ്ങൾ കൊണ്ടാണന്നു
രാജാഭിഷേകം നടത്തുന്നു സേവകർ!
തീർത്ഥം കണക്കൊഴുകുന്നവശിഷ്ടവും..!
സുസ്മേരനായക്‌ബർ കൈയ്യാട്ടി ബീര്ബലെ
ചാരത്തു ചെല്ലാൻ ക്ഷണിച്ചിട്ടു ചോദിച്ചു
എന്തുണ്ട് വാർത്തകൾ? ബീർബൽ ഇത്ഥംച്ചൊല്ലി
തുള്ളിയിൽ പോയാൽ കുടത്താൽ ലഭിക്കുമോ..?
Not connected : |