പ്രഭാതം
കാണാം കിഴക്കൻ മലയിലൊരു കുങ്കുമ-
പൊട്ടായുദിച്ചഗ്നി രഥമേറിയുയരും
ബാലാർക്കബിംബം സുവർണ്ണാഭയോടെ;
ഗായത്രികൾ ചൊല്ലിയെതിരേൽക്ക നമ്മൾ
മകരമാസക്കുളിരണിഞ്ഞൊരു പുലരിയുണരുന്നൂ
മഞ്ഞുനല്കിയ ധൂമ്രവർണ്ണക്കഞ്ചുകങ്ങളിൽ മാമലകൾ
മഞ്ജുളാംഗികളായി ദൂരെത്തപസ്സിരിക്കുന്നൂ
മഞ്ജീരശിഞ്ജിതമോടെ ലതകൾ നടനമാടുന്നൂ
പൂർവ്വദിങ്മുഖമാകെയൊരുനവ ശോഭ പടരുന്നൂ
പൊൻകരങ്ങളുമായി ദിനകരനവിടെയണയുന്നൂ
പർവണേന്ദു മറഞ്ഞു ദൂരെ പശ്ചിമാദ്രികളിൽ
പഞ്ചമങ്ങൾ പാടിയണയും കോകിലങ്ങളിതാ
ജാലകത്തിരശ്ശീലനീക്കി നനുനനുത്ത കരങ്ങൾ നീട്ടി
ജാലവിദ്യക്കാരനെപ്പോൽ പവനനണയുന്നൂ
മന്ദിരാങ്കണമാകെനിറയും മഞ്ജുസൂനസുഗന്ധമേറ്റി
മന്ദമവനെന്നരികിലെത്തി തഴുകിനിൽക്കുന്നൂ
കോടമഞ്ഞിൻ കോടി കീറി കോടിസൂര്യകരങ്ങൾ തഴുകീ
കോടരങ്ങളിലുണർവ്വുനേടി പ്രകൃതിയുണരുന്നൂ
കളകളങ്ങളുണർത്തിയൊഴുകും അരുവിതൻ ജതി കേട്ടതാണോ?
കുരുവികൾ കളകൂജനത്തിൻ പുഴയൊഴുക്കുന്നൂ !!!
Not connected : |