പുഴ
പുഴയെനിക്കമ്മ മുലചുരന്നെന്റെ
ക്ഷുത്പിപാസകൾക്കറുതിയേകിയോൾ
മണൽനിരത്തിയ ധവളസീമ്നിയിൽ
മുടിയിഴകോതി ഉറക്കിയോരമ്മ.
കളകളാരവസ്വരങ്ങളാലെന്നും
എനിക്ക് താരാട്ടു ചെവിയിൽ മൂളിയോൾ
കുളിരലക്കയ്യാൽ സുഖദശീതളത്തഴുകലാൽ
എന്നെ കുളിരിൽ മൂടിയോൾ.
കുളിർനിലാവെഴും മതികലകാട്ടി
എനിക്ക് മാമെന്നുമുരുട്ടി ഏകിയോൾ
കുനുകുനെ ചെറു ചിരി പൊഴിക്കുന്ന
ഉഡുക്കളെക്കാട്ടി കഥ മൊഴിഞ്ഞവൾ.
കുസൃതി കാട്ടി ഞാൻ കുതറിയോടുമ്പോൾ
കുണുങ്ങിവന്നെന്നെ എടുത്തുയർത്തിയോൾ
ചെറിയ ചൂണ്ടാണി വിരൽപിടിച്ചെനിക്ക്
മണലിലക്ഷരം പകർന്നുതന്നവൾ.
തിരയിളക്കാതെ സുഭഗശാന്തയായ്
എനിക്ക് നീന്തുവാൻ കളമൊരുക്കിയോൾ
സഖാക്കളോടൊത്തു കളിക്കുവാൻ നിന്റെ
നിറഞ്ഞൊരംഗത്തിലിടം തരുന്നവൾ.
തപിതചിത്തനായ് അരികിലെത്തുമ്പോൾ
തനു തഴുകിയെൻ തപമകറ്റുവോൾ
കദംബയിൽത്തട്ടി ഇളകിയാടി നീ
അനംഗനർത്തന ധ്വനിയുണർത്തുവോൾ.
പ്രതിബന്ധങ്ങളെ കടന്നുപോകുവാൻ
പ്രകൃതിപാഠങ്ങൾ സുശിക്ഷ നൽകുവോൾ
തിരയുയർത്തിയെൻ തളർന്ന പാദങ്ങൾക്ക്
ഉയിരും ആശയും തുടർന്ന് നൽകുവോൾ.
തുരുതുരെ ചെറുതിരകളാലെന്റെ
ഹൃദിയിൽ ഭാവനാ തുരഗമാകുവോൾ
പ്രണയതന്ത്രികൾ വലിച്ചുകെട്ടിയെൻ
മനസ്സിൽ മായികസ്വരങ്ങൾ മൂളുവോൾ.
കവിതയായെന്നിൽ നിറഞ്ഞുനിൽപ്പവൾ
സ്വരജതികളായ് നിറഞ്ഞൊഴുകുവോൾ
കുപിതയാവാതെ സഹിച്ചുനിൽക്കുവോൾ
കുലാംഗനയായി ഒതുങ്ങിനിൽക്കുവോൾ.
യുഗാന്തരങ്ങൾ തൻ ചരിതമൊക്കെയും
മനസ്സിൽ സൂക്ഷിച്ചു പരന്നൊഴുകുവോൾ
യുഗഹംസങ്ങൾക്കിനിയും നീന്തുവാൻ
ചിരപ്രവാഹമായ് യുഗങ്ങൾ താണ്ടണം.
ഒരിക്കൽ ഞാനുമെന്നവസാനശ്വാസം
ശ്വസിക്കുവാൻ നിന്റെ മടിയിലെത്തിടും
ഒരുമാത്രകൂടി തവവിരൽസ്പര്ശം
നെറുകയിലേറ്റാൽ അനുഗ്രഹമമ്മേ.
ഒടുവിൽ ഞാനുമാ തിരുമാറിൽ ചിതാ
ഭസ്മകണികയായ് അലിഞ്ഞൊഴുകേണം
പുഴയെനിക്കമ്മ മുലചുരന്നെന്റെ
ക്ഷുത്പിപാസകൾക്കറുതിയേകിയോൾ
മണൽനിരത്തിയ ധവളസീമനിയിൽ
മുടിയിഴകോതി ഉറക്കിയോരമ്മ
Not connected : |