മുഖങ്ങൾ
അഴലെരിയുന്ന നെരിപ്പോടിൽ ധൂമം
ഉയരെ മാനത്തു വിരചിതം ശുഭ്ര
വികൃതരൂപത്തിൽ ഉറഞ്ഞുനിൽക്കുന്ന
പ്രതിബിംബമേത് മുഖത്തിന്റേതാകാം?
പകയാൽ ഈർഷ്യയാൽ പരസ്പരം വെട്ടി
അവനിയിലാർദ്ര ഹൃദയ ശോണിമ
പരത്തിടും മർത്യ രുധിരഗംഗയിൽ
ഒഴുകും രക്തത്തിൻ രുചി അതെന്താവാം?
മരിച്ച മക്കൾ തൻ സ്മരണയിൽ മാതൃ-
ഹൃദയഭിത്തികൾ തകർന്നൊടുക്കമാ
മുഖകമലത്തിൽ ഉതിർന്നൊഴുകുന്ന
ജലകണങ്ങളിൽ പ്രതിഫലിപ്പതും,
വ്രണിതചിത്തരായലയും മാനുഷ
ഹൃദന്തരങ്ങളിൽ കൊടിയ താപത്താൽ
ഉയരും ഗദ്ഗദ ചടുലനിസ്വന
ബഹിർഗ്ഗമങ്ങൾ തൻ സ്വരവുമേതാകാം?
ഇരവിലാകാശ വിജനവീഥിയിൽ
ഉയരും അമ്പിളിക്കല ഉതിർക്കുന്ന
ധവള ശോഭയിൽ ധരണിയിലാടും
കരിനിഴലിന്റെ പൊരുളുമെന്താകാം?
ബഹുനിലകളാം മണിമേടകളിൽ
മുനിഞ്ഞു കത്തുന്ന പ്രകാശ ബിന്ദുവിൻ
ചുവട്ടിലായ് നീളും നിഴലുകൾക്കുള്ളിൽ
മുഖമൊളിക്കുന്ന യുവത്വമേതാകാം?
കുടിലിൽ അന്തിക്ക് വരണ്ടു കത്തുന്ന
തിരി പരത്തുന്നൊരരണ്ട വെട്ടത്തിൻ
പിറകിൽ 'അമ്മതൻ വരണ്ട മാറിലായ്
മുഖം അമർത്തുന്ന ശിശുവും ഏതാകാം?
ഇതിനിടയിലായ് ചിരി പൊതിഞ്ഞതാം
ചതിയുമായ് കാറ്റു സമം ചരിച്ചേറ്റം
നയചതുരമായ് ഭരണയന്ത്രത്തെ
നയിച്ചുപോകുന്ന കരങ്ങളേതാകാം?
Not connected : |