വസന്തത്തിലേക്കൊരു ക്ഷണപത്രം
വാസന്തലക്ഷ്മിതൻ മഞ്ജീരശിഞ്ജിതം
വാതിൽമാടത്തിൽ മുഴങ്ങിടുമ്പോൾ
വാതിൽപ്പഴുതിലൂടംശുമാൻ തൂവെട്ടം
വാരിവിതറിയുഷസ്സണഞ്ഞൂ
വർണ്ണസ്വപ്നത്തിൻ ചിറകുമായിന്നൊരു
വർണ്ണശലഭമായ് പാറിപ്പറക്കാം
മൃദുമന്ദഹാസങ്ങൾ പൂക്കളായ് വിരിയുന്ന
വാസന്തവനികയിൽ കേളിയാടാം
തലയാട്ടിനിൽക്കുന്ന പൂക്കളോരോന്നിലും
മധുവുണ്ടു മധുരം നുണഞ്ഞുപോകാം
മന്ദാനിലൻ വീശും വെഞ്ചാമരത്തിന്റെ
കുളിർകാറ്റിലാവോളം നൃത്തമാടാം
മൃദുലമാ പൂവിതൾ മേനിനോവിക്കാതെ
പൂമ്പൊടി മെല്ലെപ്പകർന്നെടുക്കാം
അരികത്തു നിൽക്കുന്ന പെൺപൂവിനതുനല്കി
ഒരുനല്ല നാളേക്ക് കാത്തിരിക്കാം.
Not connected : |