പ്രാർത്ഥന - മലയാളകവിതകള്‍

പ്രാർത്ഥന 

വേദസ്ഥയായ് ശ്രീരാഗസ്ഥയായ്
വാണരുളുന്ന ശ്രീദേവീ..
കരിമൂടുമിരുളിൽ നിന്നൂഴിയിൽ ഉദയമായ്
കതിരിന്റെ പൊന്നൊളി കാട്ടൂ..

നിൻ വിരൽ തഴുകുമ്പോൾ കഛപി പാടുന്ന
നിനദമാണോങ്കാര നാദം
അറിവിന്റെ നിറവുമായവിടുന്നു നിത്യവും
അകതാരിൽ അമരേണമമ്മേ..

നിറദീപമാലകൾ നിരനിര നിൽക്കുന്ന
നിരുപമ ശ്രീകോവിൽ പോലെ
അടിയന്റെ മനസ്സിലുമറിവിന്റെ നിറദീപ-
നിര നൽകി ശ്രീകോവിലാക്കൂ

നിൻ സവിധത്തിലെ സൗപര്ണികാതുല്യം
എന്നിൽ നിന്നൊഴുകാവൂ കവിത
നിൻ വിരൽ കൊള്ളുമ്പോൾ ശ്രീരാഗമുതിരുന്ന
മണിവീണയാകാവൂ ജന്മം

നിരവദ്യ ഭാവനാ തിരയലതല്ലുന്നോ-
രലകടലാകാവൂ ഹൃദയം
അഖിലജഗത്തിനും അഭയസ്ഥയാം നിന്റെ
തിരുരൂപം കാണാവൂ മനസ്സിൽ


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:18-03-2020 02:32:10 PM
Added by :C K Sudarsana Kumar
വീക്ഷണം:24
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :