കയ്യക്ഷരം
തൂലികത്തുമ്പിലെ നീലവരകളിൽ
നീയെത്ര സുന്ദരിയായിരുന്നു!
നീ വിരിക്കുന്ന പദങ്ങളിലെത്രയോ
ഭാവനാരോമാഞ്ചമായിരുന്നൂ
നിന്നുടെ ശയ്യാഗുണത്താലീ ഭാഷയ്ക്ക്
കാവ്യസൂനങ്ങൾ പിറന്നിരുന്നൂ
നാരായത്തുമ്പിലെ അക്ഷരക്കൂട്ടങ്ങൾ
വേദേതിഹാസം പകർന്നുതന്നൂ
തൂലികത്തൂവൽ മഷിക്കുപ്പിയിൽ മുക്കി
കാവ്യങ്ങളെത്ര രചിച്ചതല്ലീ
പേനകളെത്രയോ മാറിമാറിക്കയ്യിൽ
കാലം ചരിത്രമെഴുതിയില്ലേ
വിദ്യാർത്ഥിയായിട്ടിരിക്കുന്ന കാലത്തു
നീയെന്റെ സൗന്ദര്യമായിരുന്നൂ
കയ്യക്ഷരപ്പൂക്കളങ്ങളൊരുക്കി ഞാൻ
സമ്മാനിതനായ് ഞെളിഞ്ഞതല്ലേ
റിക്കോര്ഡു ബുക്കിലെഴുതിക്കുവാനെത്ര
കൂട്ടുകാർ കാത്തന്നു നിന്നതല്ലേ
തൂലിക നമ്മൾ മറന്നുപോയപ്പൊഴീ
തൂലികത്തുമ്പിന്നു കാവ്യബിംബം!
തൂലികത്തുമ്പിന്റെ സ്ഥാനമിപ്പോൾ നാം
കൈവിരൽത്തുമ്പിനു നല്കിയില്ലേ
എന്റെ കയ്യക്ഷരം കണ്ടുഞാനിപ്പോൾ
മൂക്കത്തു താനേ വിരലുവെക്കും
Not connected : |