ചായക്കട
സായന്തനത്തിലെ വെയിലേറ്റു വെറുതെ
സന്ധ്യാംബരം കണ്ടു കൊതിതീരുവോളം
സായാഹ്നയാത്രക്കിറങ്ങിയതാണ് ഞാൻ
സന്ധ്യയ്ക്കണഞ്ഞൊരു ചായക്കടയിൽ
ചായയൊരെണ്ണം കടുപ്പത്തിലാവാം
ചായയിൽ പഞ്ചാര വേണ്ടെന്നുമോതീ
ചായയ്ക്ക് കൂടെ കടിക്കുവാനെന്താ?
ചായക്കടക്കാരൻ ചോദ്യമെറിഞ്ഞു !
എന്തുണ്ട് ചേട്ടാ കടി ഐറ്റമായി
ഏത്തക്കായപ്പം, വട, ബോണ്ട, സുഹിയൻ
ഏറ്റവുംപുത്തനായ് എന്താണ് ചൊല്ലൂ
ഏറ്റവും പുത്തൻ രസവടയാണ്
എങ്കിലൊരെണ്ണം എടുത്തോളൂ കൂടെ
ഏത്തക്കായപ്പവും ഒന്നിങ്ങു കൊണ്ടാ
ഏന്തിവലിഞ്ഞുകൊണ്ടാ കടക്കാരൻ
എന്റെയാവശ്യങ്ങൾ മുന്നിലെത്തിച്ചൂ
രസവടയൊന്നു രസിക്കാൻ ഞാനാ
രസപാത്രത്തെയടുത്തു വലിച്ചൂ
വിരലുകൾകൊണ്ടാ വടയെയെടുത്തൂ
വായിൽവെച്ചു കടിച്ചു ചവച്ചൂ
എന്താണൊരുചുവ? വീണ്ടും ഞാനാ
വടയുടെ പാതിയിൽ നോക്കുന്നേരം
വടയോ പഴയതു രാസവടയാക്കീ
പുതുതായിട്ടു വിളമ്പിയതല്ലോ!!
എന്താണിത്? ഞാൻ ചോദിച്ചപ്പോൾ
എന്നുടെയരുകിൽ ചേട്ടൻ വന്നൂ
ഇന്നലെ ഞാനിതു ചുട്ടുണ്ടാക്കീ
ഇന്നലെയാരും വാങ്ങിയുമില്ല
ഇന്നത് രാസവടയാക്കി മറിച്ചൂ
ഇന്നെല്ലാരും വാങ്ങിപ്പോയീ
ഇന്നലെ വന്നിതു വാങ്ങീട്ടുണ്ടേൽ
ഇന്നിങ്ങനെയിതു തരുമോ കൂവേ?
കണ്ണുകൾ തള്ളിയിരുന്നോരെന്നേ
കണ്ണുതുറിച്ചൊരു നോട്ടം നോക്കീ
ബന്ദിനെ മാറ്റി ഹർത്താലക്കീ
ഹർത്താലിപ്പോൾ പണിമുടക്കായീ
ഓർത്താലെല്ലാം ഒന്നാണവരെ
ഓർക്കാനിപ്പോൾ ആരുണ്ടിവിടെ?
ഒറ്റയ്‌ക്കൊരുവൻ ഞാനുണ്ടാക്കിയ
ഒറ്റവടയ്ക്കോ കുറ്റമിതിപ്പോൾ?
മിണ്ടാതവിടുന്നപ്പോൾത്തന്നെ
മണ്ടിനടന്നൂ തടിതപ്പാനായ്
മിണ്ടാൻ പോയാൽ വീണ്ടുമിതേപോൽ
മുട്ടാപ്പോക്കുകൾ വന്നീടില്ല?
Not connected : |