നേതാവ്  - തത്ത്വചിന്തകവിതകള്‍

നേതാവ്  

വെൺകതിരൊളി ചിന്നി വിണ്ണതിൽ ഹസിക്കുന്ന
ദിവ്യതേജസ്സു കാൺകെ കണ്ണുകൾ കൂമ്പിപ്പോയീ
ഇമകൾ പൂട്ടിപ്പോയ നേരത്തും കൺപോളയിൽ
എരിയും ദിവാകര ദർശനം ആഹ്‌ളാദകം !
അറിയാതവൻ മമ ചിത്തത്തിൽ കുടിയേറീ
പൂജ്യനായ് തീർന്നേനവൻ, പിൻഗാമിയായീ ഞാനും.

എരിയും വെയിലേറ്റു സ്വേദബിന്ദുക്കൾ മമ
നെറ്റിയിൽ പൊടിഞ്ഞിട്ടും യാത്ര ഞാൻ മുടിച്ചില്ല.
കാതങ്ങളേറെ താണ്ടീ പിന്നിട്ട വഴിയിലെ
ദുർഘട നിമിഷങ്ങളൊന്നും ഞാനോർക്കുന്നില്ല
കണ്ണുകളപ്പോഴുമാ തീപാറും തേജസ്സിന്റെ
ഉദ്ധതപ്രഭാപൂരവ്യക്തിയിൽ കുടുങ്ങിപ്പോയ്.

മന്ദമായ് ശ്രുതിമീട്ടും തംബുരുപോലെ മനം
സുന്ദര സ്വരരാഗം സന്തതം പൊഴിച്ചപ്പോൾ
അന്തിയാകുന്നൂ വെട്ടം കുറഞ്ഞു ജ്യോതിസ്സിന്റെ
കാന്തിമണ്ഡലം മങ്ങിമറഞ്ഞൂ വിഹായസ്സിൽ.
തമസ്സാമാഴിക്കുള്ള സായന്തനത്തിൻ തീര-
ത്തവനെ പ്രതീക്ഷിച്ചു ഞാനിരിക്കുകയല്ലോ.

മുന്നിലെ നടപ്പാത കാണുവാനാകുന്നീല
കൂരിരുട്ടെങ്ങും മൂടി, ഞാനുമങ്ങുറങ്ങിപ്പോയ്.
നേരമൊത്തിരി പോയീ ഞാനുണർന്നപ്പോൾ ദൂരെ
കിഴക്കൻ മലയിൽ നിന്നുണർന്നൂ ദിനകരൻ!
ഇന്ന് ഞാനറിയുന്നൂ മമ നേതാവേ താങ്കൾ
തമസ്സാമാഴിക്കുള്ളിൽ നല്ലൊരു മുങ്ങൽക്കാരൻ

പകലിൽ പുതുപുത്തൻ വെണ്മ നീ ചൊരിയുന്നൂ
രാത്രിയിൽ മുങ്ങാംകുഴിയിട്ടു നീ കളിക്കുന്നു.
വഴിയിൽ കാവൽക്കാരെ 'കാണേണ്ടവിധം' കണ്ടു
ഇരുട്ടിന്നാഴിക്കങ്ങേക്കരയിൽ പൊങ്ങുന്നോൻ നീ.
നിന്റെയീ വേഷം കണ്ടു മഞ്ഞിപ്പൂ മമ നേത്ര-
ദ്വയങ്ങൾ ഞാനെത്തിയീ സായംസന്ധ്യയിൽ ഭോഷൻ!


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:19-03-2020 02:15:16 PM
Added by :C K Sudarsana Kumar
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :