സൂര്യവൃത്താന്തം
ഗ്രഹണം കഴിഞ്ഞൂ പ്രചണ്ഡവേഗം ധരി-
ച്ചിരുളാണ്ട വ്യോമപഥത്തിലേറീ രവി
ഇനി സൂര്യ! നിൻ രഥം പഞ്ഞിടട്ടെ!
ദ്യോവിലിടറുന്ന താരകൾ മാഞ്ഞിടട്ടെ
ഉഗ്രപ്രഭാപൂരകാന്തിയാലാകൃഷ്ടം
അണ്ഡകടാഹങ്ങൾ നിൻ പരിസേവകർ!
എത്രനാൾ നിന്നെ മറച്ചുവെക്കാനാവും
ഈ ദുരമൂത്ത നിഴലുകൾക്കെന്നു നീ
വീണ്ടും തെളിയിച്ചിരുട്ടകറ്റാൻ ധന്യ-
കിരണങ്ങൾ വാരി വിതറിനിൽക്കുമ്പോഴും
പൂത്തിരിയേന്തി തിമിർത്തുതുള്ളുന്നവർ
ഉത്സവരാത്രി കഴിഞ്ഞതറിഞ്ഞീല
വേദിയിലാടിയതൊക്കെയും കൽപ്പിത
നാടകമാണെന്നവരറിയുന്നീല
നേർത്തു വിളർത്ത ചിരിയുമായമ്പിളി
അന്തർഗമിക്കാൻ നിമിഷങ്ങളെണ്ണുന്നു.
കമല താലങ്ങളാൽ എതിരേൽക്കയാണൂഴി
കനകസിംഹാസനം കാത്തിരിക്കുന്നിതാ
നെടുനാളു നിദ്രപൂണ്ടിവിടെ കിടന്നവർ
പരഭാഗശോഭയോടെഴുനേറ്റു നിൽപ്പിതാ
പരിദേവനങ്ങളെ പകയോടെ കണ്ടവർ
പടകണ്ടു പിന്നിൽ പകച്ചുനിൽക്കുന്നിതാ
ഇത് സൂര്യവൃത്താന്ത, മിതിഹാസം
ഇനിയും രചിക്കാനിരിക്കും മുഹൂർത്തം
Not connected : |