സ്മാരകശില
പാടാൻ മനസ്സിൽ കരുതിയ ഗാനം
പാടിയതില്ലിതുവരെയും ഞാൻ
ആടാൻ മനസ്സിൽ കരുതിയ നടനം
ആടിയതില്ലിതുവരെയും ഞാൻ.
ഗായകനാമെൻ മനസ്സിൽ രാഗം
മീട്ടും തന്ത്രി മുറിഞ്ഞേ പോയ്
രംഗത്തെത്തിയ നേരത്തെൻ
ചുവടിന്നും പിഴകൾ പറ്റിപ്പോയ്.
ചായംതേച്ചു മിനുക്കിയ മുഖവും
കൊണ്ടേ ഞാനിന്നമരുന്നു
തന്ത്രിമുറിഞ്ഞൊരു വീണയുമായി
ഞാനിന്നപശ്രുതി മീട്ടുന്നു.
യവനികപൊങ്ങിയ നേരത്തെന്നുടെ
നടനം കയ്യടി നേടുന്നൂ
തെറ്റും ചുവടിന് താളമതാകെ
തെറ്റുകൾ ശരിയായ്തീരുന്നൂ
പെട്ടെന്നൊരുദിനമെന്നുടെ മുന്നിൽ
'കർട്ടൻ' വന്നു പതിക്കുമ്പോൾ
പട്ടണനടുവിലൊരായിരമാളുകൾ
പുഷ്പരഥത്തിലെടുത്തീടും.
കലയുടെ നഷ്ടമിതെന്നുരചെയ്യാൻ
ഒത്തിരിനാവുകൾ പൊന്തീടും
പാടാനും പുനരാടാനും പലർ
വീണ്ടുമരംഗത്തെത്തീടും
എന്നെ സ്മരിക്കാൻ സ്മാരകശിലകൾ
സ്ഥാപിച്ചവരും പോയീടും
എൻ പേരെഴുതിയ ശിലയുടെ ദുഃഖം
ആരിനിയിവിടെ കണ്ടീടാൻ?
ഞാനും പുനരൊരുപാട് ദിനങ്ങൾ
ശിലയിൽ കൊത്തിയ കലയാകും
ശിലയുടെ വേദനയാരറിയും!
പുതു ശിലകൾ കൂട്ടിനു വന്നീടും!
Not connected : |