ബർബരീകൻ
അജ്ഞാതവാസം കഴിഞ്ഞുപപ്ലാവ്യത്തിൽ ജ്ഞാതരായി കഴിയുന്നവേളയിൽ
ദൂതും പരാജയപ്പെട്ടുപശാന്തിയായ് യുദ്ധവും നിശ്ചയം ചെയ്തശേഷം
യുദ്ധത്തിനാളുകൂട്ടുന്നതിനായി പുത്രൻ ഘടോൽക്കചനെ ക്ഷണിച്ചീടുവാൻ
ഭീമൻ പുറപ്പെട്ടു പ്രാഗ്ജ്യോതിഷത്തിലെ ആരണ്യകങ്ങളിൽ എത്തിയവേളയിൽ
ആളറിയാതെ ഞാൻ മാർഗം തടഞ്ഞത് ഘോരയുദ്ധത്തിന്നു കാരണമായതും
എന്റെ കരുത്തിനു മുന്നിൽ വശപ്പെട്ടുവീണ വൃകോദരൻ ആരെന്നുരച്ചതും
"ഞാൻ ബർബരീകൻ ഘടോൽക്കചപുത്രൻ" എന്നാദരവോടറിയിച്ചോരു മാത്രയിൽ
ഓടിവന്നെന്നെ പുണർന്നു മൂർദ്ധാവിൽ ആയിരം മുത്തമലിവോടെ തന്നതും
"ഞാൻ ഭീമനാണ് നിൻ മുത്തച്ഛൻ " എന്നതിമോദമോടന്ന് മൊഴിഞ്ഞെൻ കരം ഗ്രഹിച്ചാ-
യുദ്ധ വൃത്താന്തങ്ങളെല്ലാമുരച്ചതും മാതാവിനെക്കണ്ടനുമതി കൊണ്ടതും
അഷ്ടലക്ഷ്മീ വരസിദ്ധിയാൽ ലഭ്യമാം അസ്ത്രങ്ങളും സൂര്യദേവനാൽ ലഭ്യമാം
അദൃശ്യ ധനുസ്സിന്റെ വൃത്താന്തമൊക്കെയും ആദരവോടന്നറിയിച്ചനുഗ്രഹം
പാദങ്ങൾ തൊട്ടു ഞാൻ വാങ്ങി പിരിഞ്ഞതും
ആരുടെ പക്ഷത്തു നിൽക്കുമെന്നമ്മതൻ ചോദ്യത്തിനുത്തരം ദുർബലപക്ഷമെന്ന്
ഓതി പുറപ്പെട്ടു യുദ്ധശിബിരത്തിൽയുദ്ധസന്നാഹാവലോകനം ചെയ്തതും
എല്ലാവരും താന്താൻ യുദ്ധനിപുണത ചൊല്ലിയനേരത്തു ഞാനും മൊഴിഞ്ഞതും
"മൂന്ന് നിമിഷത്തിൽ എല്ലാം കഴിച്ചിടാം" എന്നതുകേട്ടോരു മധ്യമപാണ്ഡവൻ
കൃഷ്ണനോടെന്നെക്കുറിച്ചാരാഞ്ഞതും എൻ വരസിദ്ധിയറിയുന്ന മാധവൻ
എന്നെക്കുറിച്ചവരോടുരചെയ്തതും പെട്ടെന്നവരുടെ കൺകളിൽ സൂര്യാംശു
മിന്നിത്തിളങ്ങി പ്രകാശിച്ചുകണ്ടതും കേശവൻ മാത്രം അധോമുഖനായതും
രാത്രിയിലെന്നരികത്തെത്തി എന്നോട് കാര്യങ്ങളൊക്കെ തിരക്കിയൊരു ദ്വിജൻ
മൂന്നു ബാണങ്ങൾ കൊണ്ടെങ്ങിനെ നീ യുധി പാരം ജയിക്കുമെന്നെന്നോട് ചോദിച്ചു
ആദ്യബാണത്താലെ ശത്രുക്കളെ ഞാൻ നിശ്ചയം ചെയ്യുമെന്നെന്റെ മറുപടി
രണ്ടാമതൊന്നെന്റെ ബന്ധുരക്ഷാർത്ഥവും മൂന്നാമതൊന്നിനാൽ ശത്രുനാശം ചെയ്യും
എൻ വരസിദ്ധിയളക്കുവാനദ്ദേഹം ഏക ശസ്ത്രത്താലെ അശ്വത്ഥ പത്രങ്ങൾ
ഭേദിച്ച് കാട്ടുവാൻ ചൊല്ലിയനേരത്തു ഏക ബാണം കൊണ്ടിലകൾ മുഴുവനും
ഭേദിച്ചശേഷം ഒരൊറ്റയിലയ്ക്കായി ബ്രാഹ്മണ പാദം വലംവെച്ചു ബാണം
"പാദങ്ങൾ മാറ്റുക ബാക്കിയുള്ളോരിലകൂടി ഭേദിക്കേണമെങ്കിൽ" എന്നോതിയ
നേരത്തു മറ്റൊരു ചോദ്യമെൻ നേർക്കെയ്തു സാകൂതമങ്ങനെ നോക്കിനിന്നു.
"യുദ്ധത്തിനെത്തിയോരാളിൻ ശിരസ്സ് എനിക്കെയ്‌തെടുത്തിന്നു നൽകാമോ?
ചോദ്യമെൻ കര്ണപുടങ്ങളിൽ ചാട്ടുളിച്ചാട്ടമായ് വന്നുവീണപ്പോൾ.
ഒട്ടും പരിഭ്രമിച്ചില്ല ഞാൻ സുസ്മേരം കാട്ടീടുകാളെയെന്നോതിനിൽക്കേ
ഭാണ്ഡത്തിൽനിന്നൊരു ദർപ്പണം പൊക്കിയെൻ നേരെ പിടിച്ചത് കണ്ടൊരുമാത്രയിൽ
മേൽക്കണ്ടചിത്രങ്ങളെല്ലാം ഒരുമാല പോലെയെൻ ചിത്തത്തിലൂളിയിട്ടോ?
ബ്രാഹ്മണവേഷമഴിഞ്ഞുവീണൂഴിയിൽ ശ്രീകൃഷ്ണരൂപം തെളിഞ്ഞുമുന്നിൽ
വേദമുഖന്റെ ശാപത്തിനാൽ ഭൂമിയിൽ ആസുരജന്മം ലഭിച്ചൊരു യക്ഷൻ
എന്നെൻ പൂർവ ജന്മവൃത്താന്തമറിയിച്ചു ശാപമോക്ഷത്തിനു നേരമായി
എങ്കിലുമെന്നാശ ഞാനറിയിച്ചെനിക്കീ യുദ്ധം കാണുവാൻ ആശയുണ്ട്
എന്നാശപോലെ നടക്കട്ടേയെന്നെന്നെ കാർവർണ്ണനപ്പോൾ അനുഗ്രഹിച്ചു
ചക്രമയച്ചെൻ ശിരസ്സറുത്തദ്ദേഹം ശാപവിമുക്തനായ്ത്തീർത്തശേഷം
കുന്തത്തിലെന്റെ ശിരസ്സെടുത്തൻപോടു കുന്നിൻ ശിരസ്സിൽ പ്രതിഷ്ഠചെയ്തു
ഫാൽഗുന ശുക്ലപക്ഷത്തിലെ പന്ത്രണ്ടാം നാൾമുതൽ യുദ്ധദൃക്സാക്ഷിയായി
കൗരവ പാണ്ഡവ യുദ്ധത്തലേന്നുഞാൻ യുദ്ധത്തിനുള്ള ബലിയുമായീ
യുദ്ധം കഴിഞ്ഞു മരുത്ത മനസ്സുമായ് ഗാന്ധാരിയമ്മ അരങ്ങിലെത്തി
ഭീതിദമാ രണഭൂമികണ്ടിട്ടതിവേദനയോടുര ചെയ്തുപോയീ
കേശവാ..നീയുമീ പുത്രദുഃഖത്താലേ കേവലം നിന്നവസാനം കാണൂ..
സുസ്മേരനായതു കേട്ട് ഗോവിന്ദനാ വന്ദ്യമാതാവിനോടോതിയിത്ഥം
ധര്മസംസ്ഥാപനം എന്നതുമാത്രമാണ്എൻ നിലപാടുകൾക്കെല്ലാം പിന്നിൽ
ബർബരീകന്റെ ബലിയും അതേ ധര്മ സംരക്ഷണാർത്ഥമതായിരുന്നു
ദുർബലപക്ഷം പിടിക്കുമവനാദ്യം പാണ്ഡവ പക്ഷത്തണിനിരക്കും
ആദ്യ യുദ്ധത്തിനാൽ കൗരവ നാശവും കണ്ടു പശ്ചാത്താപം കൊണ്ടുവീണ്ടും
ദുർബലപക്ഷമാം കൗരവർക്കായവൻ പാണ്ഡവരെയും എതിർത്തുകൊല്ലും
ബാക്കിയാവുന്നതവൻ മാത്രമാകും അവനോ ആസുര ജന്മമത്രെ
അസുരൻ ഭൂമി ഭരിച്ചൽ ധർമം പുലരുവതെത്ര നികൃഷ്ടം
അതിനാലവനുടെ ബലി ഞാൻ വാങ്ങീ, യുദ്ധവും അതിനാൽത്തന്നെ..
സാക്ഷി വിസ്താരത്തിനെത്തി ഗാന്ധാരിയെൻ ഛേദശ്ശിരസ്സിനു ചാരേ
കണ്ടതെല്ലാം ഒന്നുരചെയ്യുവാനവർ ചൊല്ലിയെന്നൊടതിനാൽ ഞാൻ
ചൊല്ലിയവരോട് രണ്ടുപക്ഷത്തിലും ഞാൻ കണ്ടതേകരൂപത്തെ
അര്ജുനനില്ല.. സുയോധനനില്ലത്രപേരുമീ ശ്രീകൃഷ്ണരൂപം മാത്രം
കൊല്ലുന്നതും കൃഷ്ണൻ ചാവുന്നതും കൃഷ്ണൻ ശേഷിപ്പതും കൃഷ്ണനത്രേ..
Not connected : |