ഓണാശംസകൾ
ഫോണിൽ കുശലം ചൊല്ലി നേരമങ്ങനെ പോകവേ
മക്കളെന്നോട് ചോദിപ്പൂ.... ഓണത്തിനെന്തു നൽകിടും?
അപ്പോഴാണൊണമിങ്ങെത്തി എന്ന ചിന്തയുണർന്നതും
കാണമെന്തുണ്ട് വിൽക്കാനായ്?.. ഓണമുണ്ണേണ്ടതല്ലയോ?
ധർമ്മപത്നിയുരയ്ക്കുന്നൂ.. കോടി വാങ്ങേണ്ടതില്ലിനി
എത്ര ജോഡിയിരിക്കുന്നൂ പെട്ടിയിൽ പുതുമോടിയിൽ!
എത്രയുണ്ടെങ്കിലെന്താണ് കുട്ടികൾക്കോണമെത്തിയാൽ
പുത്തനെന്തെങ്കിലും വാങ്ങി നൽകണം മലയാളികൾ!
ചിന്ത ചാരിയിരുന്നൂ ഞാൻ കാലമൊത്തിരി പിന്നിലേക്ക്
ഊളിയിട്ടു പറന്നെത്തി എന്റെ ബാല്യ ദിനങ്ങളിൽ
"ഒട്ടുപാൽ" ചുറ്റിയുണ്ടാക്കും പന്തുമായ് ഞങ്ങൾ കൂട്ടുകാർ
"തലപ്പന്തു" കളിച്ചാണന്നോണക്കാലം തുടങ്ങുക.
ഓണച്ചന്തയ്ക്കു പോകുമ്പോൾ "പുത്തൻ പന്ത് വാങ്ങണം;
ഊഞ്ഞാല് കെട്ടുവാനായി കയറും വാങ്ങി നൽകണം"
ഒത്തെങ്കിൽ ഒക്കട്ടേയെന്നോർത്തു ചോദിക്കും അച്ഛനോട്
പന്ത് കിട്ടിയാൽ ഭാഗ്യം! ഊഞ്ഞാൽ ചുണ്ണാമ്പ് വള്ളിയാൽ!
പുത്തനിട്ടു വരുന്നോരെ ബാക്കിയുള്ളോരു നോക്കുമ്പോൾ
കൺകോണിൽ ഭഗ്നമോഹത്തിൻ കനൽ നീറ്റങ്ങളുണ്ടാകാം!
എണ്ണത്തിൽ അവരഞ്ചാറു പേരുണ്ടാകും സുമോടിയിൽ
ഓടുവാൻ, ചാടുവാനൊന്നും കൂട്ടാക്കാതെ സദസ്യരായ്.
പൂവിറുക്കുന്ന കൂട്ടങ്ങൾ! പൂക്കളം തീർത്ത മുറ്റങ്ങൾ
ചാറിയെത്തുന്ന പൊൻവെയിലിൽ പാറിയെത്തുന്ന തുമ്പികൾ!
തുമ്പിതുള്ളാനിരുത്തുമ്പോൾ കയ്യിൽ പൂക്കുല, ചുറ്റിലും
വായ്ത്താരി മേളമാലാപം ബോധമെങ്ങോ മറഞ്ഞുപോം!
പാട്ടുപാടി കളിക്കുന്ന മങ്കമാരുടെ കൈകളിൽ
ഓട്ടമോടിക്കളിയ്ക്കുന്നൂ മാണിക്യ ചെമ്പഴുക്കയും
പമ്പയാറ്റിൽ തിരച്ചാർത്തു കീറിയെത്തുന്ന വള്ളങ്ങൾ!
നാട്ടുക്ലബ്ബിന്റെ ആഘോഷ പാട്ടുമൂളുന്ന തെങ്ങുകൾ!
തെക്കുഭാഗത്തശോകത്തിൽ തൂങ്ങിയാടുന്നൊരൂഞ്ഞാലിൽ
ചില്ലതൊട്ടു പറന്നാടും ചേട്ടന്മാരുടെ കൂട്ടവും
ജാതിവൃക്ഷത്തണൽ പറ്റി ചീട്ടു കീച്ചുന്ന കൂട്ടവും
സദ്യയൂണെന്ന സൗഭാഗ്യം ഓർത്തിരിക്കുന്ന കുട്ടികൾ!
എന്തൊരുത്സാഹ,മാവേശം! എങ്ങുമാഘോഷ മത്സരം!
എന്തൊരാഹ്ളാദമെല്ലാർക്കും ! ഓണമെന്ന മഹാമഹം!
എന്തൊരാരവം ആർപ്പോ.. എന്നേവരും ഏറ്റുപാടവേ
എന്തൊരൈക്യത്തിലാണെന്നോ മാണ്പെഴുന്ന മഹാജനം
ഓണം ഇന്നേറെ മാറിപ്പോയ് കാലമെന്നതു പോലവേ
ഓണമിന്നൊരു വ്യാപാര മേളയായി ഭവിക്കയോ?
ഓണമുണ്ടില്ലെങ്കിലും കാണം വിറ്റുമല്പം അടിയ്ക്കണം
ഓണമെന്നത് പോലീന്നു മാറിപ്പോയ് മലയാളിയും!
എത്രമേൽ മാറിയെന്നാലും ഓണവും മലയാളിയും
തമ്മിലുള്ള വികാരത്തിനിന്നും മാറ്റങ്ങളില്ലാതെ
സോദരത്വേന ആഘോഷ വര്ണമേളം കൊഴുക്കവേ
നല്ലൊരോണത്തിനായിട്ടു ഞാനും ആശംസയേകിടാം!
Not connected : |