മനസ്സാന്തരങ്ങൾ
ഒറ്റക്കയ്യൻ വള്ളിനിക്കറും
നിറം മങ്ങി മുഷിഞ്ഞ കുപ്പായവും
മൂക്കട്ടയുണങ്ങിയ മുഖവും
മുറിവുണങ്ങാത്ത കാൽ മുട്ടുകളുമായി,
ഗൃഹപാഠം ചെയ്ത
വക്കുപൊട്ടിയ സ്ലേറ്റിന്റെ മറുപുറത്തു
പുറംചട്ടയില്ലാത്ത പുസ്തകങ്ങൾ
കോണോടുകോൺ റബ്ബർബാൻഡിട്ടു കെട്ടി;
ഉപ്പുമാവ് കഴിക്കാനായി വട്ടയിലയും
സ്ലേറ്റ് തുടയ്ക്കാനായി കാക്കത്തണ്ടും
ഒടിഞ്ഞ കല്ലുപെൻസിലും പൊതിഞ്ഞെടുത്തു
നിത്യവും സ്കൂളിലേക്കോടുമ്പോൾ
വൈകിപ്പോകരുതേയെന്ന പ്രാർത്ഥനയായിരുന്നു!
ഉള്ളിൽ കിനാവിൻ നിലാവുമായി
കലാലയമുറ്റത്തെത്തുമ്പോൾ
കണ്ണിൽ കനൽത്തിളക്കവും
കരളിൽ കവിതയുമായിരുന്നു!
പടിയിറങ്ങുമ്പോൾ
പറയാതെയും അറിയാതെയും പോയ
ഭഗ്നപ്രണയത്തിന്റെ തപ്തകാമനകൾക്കു
ചിതയൊരുക്കുകയായിരുന്നു!
ആശയും ആവേശവുമായി
അറിയാത്ത നഗരവീഥികളിൽ
തൊഴിൽതേടിയലയുമ്പോൾ
പ്രതികരിക്കാനാവാത്തതിന്റെ
പ്രതിക്ഷേധമായിരുന്നു!
ജീവിതവീഥിയിൽ കാലിടറിയപ്പോൾ
സഹതപിച്ചവരോട് ദേഷ്യമായിരുന്നു
ലോകം വെട്ടിപ്പിടിക്കാമെന്ന ആശയറ്റപ്പോൾ
എനിക്കെന്നോടുതന്നെ വെറുപ്പായിരുന്നു!
ഞാനും പ്രപഞ്ചഭാണ്ഡത്തിലെ ചെറുകണമെന്നും
ഏതോ ശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന
പാവക്കൂത്തിലെ വെറും തോൽപ്പാവയെന്നും
തിരിച്ചറിഞ്ഞപ്പോൾ പരിഹാസമായിരുന്നു.
ഞാൻ ചരിച്ച മിഥ്യാവീഥിയിലൂടെ
ആവേശത്തോടെ വരുന്ന
എന്റെ പിൻഗാമികളെക്കാണുമ്പോൾ!
Not connected : |