മാനവസേവ മാധവസേവ
പദ്മസുമങ്ങൾ വിരിഞ്ഞൂ യമുനയിൽ രാജമരാളികൾ കേളികളാടി
ചന്ദനക്കിണ്ണത്തിൽ പാൽനിറച്ചമ്പിളി താരകൾ ദീപാവലിനിരത്തീ
പക്ഷികൾ കൂജനഗാനം മൂളീ ഗോവർധനമൊരു സുമേരുവായീ
നീലക്കടമ്പുകൾ പൂത്തൂ രാവിൽ ലതാനികുഞ്ജങ്ങളൊരുങ്ങീ
രാസവിലാസികളായീ ഗോപികൾ വൃന്ദാവനിയിൽ കാത്തിരുന്നൂ
കായാമ്പൂവർണ്ണന്റെ വരവറിയിച്ചാ മന്ദ്ര മുരളീഗാനമുയർന്നൂ
രാധാ ഗോപീ മതികളിൽ രാഗം തേനണിഞ്ഞ വസന്തമൊരുക്കീ
ചന്ദനച്ചാമരം വീശീയനിലൻ വൃന്ദാവന സാരംഗിയുയർന്നൂ
രാസകേളികളാടി മയങ്ങീ ഗോപികാ ഹൃദയങ്ങൾ
താരകൾ ശരറാന്തലുകൾ കെടുത്തി വൃന്ദാവനമുറങ്ങീ
ശീതളചന്ദ്രികച്ചാറൊളിവെളിച്ചത്തിൽ തെന്നലും വീണുറങ്ങീ
കൂജനം നിലച്ചൂ പൂക്കളുമുറങ്ങി രാസകേളീ വിപിനമുറങ്ങി.
പൂർവ്വാംബരത്തിലെ കുങ്കുമപ്പൊട്ടായ് പകലോൻ മാനത്തു കണ്മിഴിച്ചൂ
അമ്പിളി പശ്ചിമ സമുദ്രത്തിൽ മറഞ്ഞു കണ്ണനും ഗോപികമാരുമുണർന്നൂ
ഗോപികളവരുടെ വീടുകൾ പൂകാൻ ഗോക്കളെനോക്കാൻ പോകുന്നേരം
ഗോവിന്ദൻ ചെറുചിരിയോടു ചൊല്ലീ ഉച്ചക്കാരാണാദ്യം വരിക?
അവർ തരും ഭക്ഷണമാണിന്നെന്നുടെ പ്രിയകരമാകും ഭക്ഷണമോർത്തോ
ഗോപീമണികൾ ഹൃദിപുളകത്തോടോടിമറഞ്ഞു, കണ്ണനുറങ്ങീ.
ഓരോ ഗോപീ കന്യകമാരും അവരുടെ മനസ്സിൽ തോന്നിയപോലെ
രുചികരമാകും വിഭവമൊരുക്കീ പെട്ടെന്നെത്താൻ വട്ടമൊരുക്കീ
രാധയുമവളുടെ കഴിവതിനൊക്കെ കണ്ണനുവേണ്ടി കൂട്ടിയൊരുക്കീ
ചെറുകിണ്ണങ്ങളിലാക്കിയടച്ചൂ ഝടുതിയിറങ്ങി നടന്നു തുടങ്ങീ
പോകുംവഴിയാ കാഴ്ചയിലവളുടെ മിഴികളുടക്കിയതുള്ളു കലക്കീ
ഒരുചെറുബാലന് ചോറുകൊടുക്കും വഴിയോരത്തൊരു മതാവപ്പോൾ
ചെമ്മെയവരുടെ ചാരത്തവളും ഓടിയടുത്തതു കാണുന്നേരം
പഴകിയ ഭക്ഷണമാണത്, നാറ്റം മൂലം കുട്ടിയ്ക്കതുവേണ്ടല്ലോ
ദീനതമുറ്റിയൊരമ്മക്കണ്ണിൽ അശ്രുകണങ്ങൾ നിറഞ്ഞുപൊഴിഞ്ഞു
അല്പമശിക്കായ് കിട്ടാനുണ്ടോ നോക്കട്ടെ ഞാൻ ചാരത്തെങ്ങാൻ
നോക്കിക്കോണേ മോളേയിവനെ എന്ന് മൊഴിഞ്ഞവർ മെല്ലെ നടന്നൂ
കണ്ണനുവേണ്ടിക്കരുതിയ പ്രാതൽ രാധാഹൃദയം നല്കീ ബാലന്
ആർത്തി പെരുത്തവനുണ്ടുതുടങ്ങീ നീർമിഴിയോടതു കണ്ടൂ രാധ
മാത്രയതൊന്നവളൊക്കെ മറന്നൂ പുഞ്ചിരിയോടവനവളെ നോക്കീ
ചാരത്തെത്തീ മതാവപ്പോൾ കയ്യിൽ കിട്ടിയ കഞ്ഞിയുമായി
ഉണ്ടുമതിച്ചോരു മകനെക്കണ്ടവർ നിറമിഴിയോടെ രാധയെനോക്കീ
പെട്ടെന്നവളുടെ ചിന്തയുണർന്നൂ കണ്ണന് ഞാനിനിയെന്ത് വിളമ്പും?
ഖിന്നത കണ്ടാ മതാവപ്പോൾ കയ്യിൽ കരുതിയ കഞ്ഞി കൊടുത്തൂ
കഞ്ഞിയുമായി ഝടുതിയിൽ രാധ വൃന്ദാവനിയിൽ ചെല്ലുന്നേരം
ഗോപികളനവധിയുണ്ടവിടപ്പോൾ കൈകളിൽ നിരവധി പൊതികളുമായീ
വിഭവമനേകമൊരുക്കിയ ഗോപികൾ, കണ്ണനെ മാത്രം കാണാനില്ല
ഗോപീജനമധ്യത്തിൽ കണ്ണൻ പുതച്ചുമൂടി ശയിക്കുകയത്രേ!
രാധയണഞ്ഞവനരികേയപ്പോൾ അവളെനോക്കി മൊഴിഞ്ഞവനിത്ഥം
പനിയാണല്ലോ കഴിവതുമില്ല കഴിക്കാനിവരുടെ ഭക്ഷണമൊക്കെ
ആരുടെ കയ്യിലിരിപ്പൂ കഞ്ഞി എങ്കിൽ വിളമ്പൂ അല്പമശിക്കാം
പെട്ടെന്നവളാ കഞ്ഞി വിളംബീ രുചിയോടവനതു മോന്തിവലിച്ചൂ
കുശുമ്പ് കുത്തിയ മുഖവും കൊണ്ടേ ഗോപികളതുവഴിയിതുവഴി പോയീ
സന്തോഷത്താൽ രാധ കരഞ്ഞു മിഴിനീരവന്റെ മാറിൽ വീണു
അനുരാഗക്കണ്കോണാൽ രാധ കണ്ണനെയൊരുമിഴി നോക്കുന്നേരം
കുസൃതിച്ചെറുചിരിയോടവനവളുടെ അളകങ്ങളിലായ് കയ്യോടിച്ചൂ
മനസ്സിലായീ കണ്ണാ നിന്നുടെ കുസൃതിയെനിക്കാ വഴിയോരത്ത്
ബാലകനായെൻ ഭക്ഷണമെല്ലാം കഴിച്ചതൊക്കെ നീയാണല്ലേ?
ആരാണവിടെ നിന്നോടൊപ്പം മാതാവായി നടന്നത് ചൊല്ലൂ
പൊഴിച്ചു മന്ദസ്മേരം കണ്ണൻ മാനവസേവ മാധവസേവ
Not connected : |