ബാക്കിപത്രം
പോയകാലത്തിന്റെ ബാക്കിപത്രം
മൂലധനം ക്ളിഷ്ട ജന്മമത്രേ
പലിശയും ഭണ്ഡാരബാക്കിയും ചേർത്തും
കിട്ടാക്കടങ്ങൾ മറവിക്ക് വിട്ടും
വീട്ടാക്കടങ്ങൾ മനസ്സിൽ നീറ്റിക്കൊണ്ടു
കിട്ടാക്കനികൾ പുളിയ്ക്കുമെന്നോർത്തും
നല്കുവാനാർക്കും കഴിയുമെന്നാകിലും
നേടുവാൻ ഭാഗ്യമില്ലെന്നതോർത്തും
പലിശക്കടങ്ങൾ ഫണികളായ് ചുറ്റിലും
ശീൽക്കാരമോടെ വിഷം ചീറ്റവേ
ആയവ്യയങ്ങളെ കൂട്ടിക്കിഴിച്ചും
കൈവിരൽ പത്തും മടക്കിനിവർത്തിയും
ഗുണനഹരണങ്ങൾ പയറ്റി മടുത്തിട്ടും
ഉത്തരം കിട്ടാത്ത ചോദ്യമേ ലാഭം!
രണ്ടറ്റവും കൂട്ടിമുട്ടാത്ത ജീവിത-
പ്പാതയിതേപടി മുമ്പോട്ടു നീളവേ
ദീനത മുറ്റിയ കണ്ണുകളിൽ
കരിംപായലുണങ്ങിയപോൽ മിഴിച്ചാലുകൾ
നീളുന്ന നോട്ടങ്ങളായ് അകത്തുള്ളവർ!
നീട്ടുന്ന ചോദ്യശരങ്ങളനവധി
ദാരിദ്ര്യമുണ്ടു കവിളൊട്ടി മെല്ലിച്ച
കോലങ്ങളായി ചലിക്കുന്ന കുട്ടികൾ!
കോലായിലെ ചാരുബെഞ്ചിന്റെ കോണിൽ
കാലവും കാത്തിരിക്കുന്നൊരമ്മ!
കാലമെത്താതെ കടന്നുപൊയ്‌പ്പോയ
പിതാവിനെ ഓർത്തങ്ങിരിക്കയാവാം!
കാലാന്തരത്തിലെല്ലാം ശരിയാവുമെന്ന്
ഏതോ ചകോരം ചിലച്ചിടുന്നു.
മച്ചിലും ഉത്തരക്കൂട്ടിലും രാശിവെച്ചു
എന്നുമീ ഗൗളികൾ ചിന്തയല്ലോ
കാലയാപം ചെയ് വതിന്നായി വേഷങ്ങൾ
ഏതിനി കെട്ടുവാൻ കെട്ടുവാൻ ബാക്കിയുള്ളൂ?
ബാക്കിപത്രത്താളിൽ എന്തിനി ചേർക്കുവാൻ?
ബാക്കിയാകുന്നതീ ജന്മമത്രേ!!
Not connected : |