വന്ദേഹം പരമേശ്വരം
മനസ്സാ വരിച്ചതാണെന്നേ താവക
രൂപം ഗുരുവായി ഞങ്ങൾ..
തിരിയായ്ത്തെളിഞ്ഞുനിന്നെന്നും
ഹൃത്തിലൊളിയായാ താരകകാന്തി
ഇന്നലെച്ചാറിയ കാറ്റിലാത്തിരിനാളം
നിലവിളക്കിൽ പൊലിഞ്ഞേപോയ്
എങ്കിലും ഹൃദ്സ്പന്ദമുള്ള കാലത്തോളം
ചിത്തേ കെടാവിളക്കായ്ത്തിളങ്ങും.
ജ്ഞാനസൂര്യാംശുപ്രഭാപൂരമാമുഖ-
കാന്തിയുൾപ്പൂവിൽ ജ്വലിക്കേ
പോയെന്നുതോന്നുന്നതില്ല ! നൂറായിരം
താവക ശിഷ്യ ഹൃദന്തങ്ങളിൽ !!
സ്വച്ഛന്ദമായി സമാധിവരിച്ചൊരാ
ധന്യഗുരുവിൽ പദാരപത്മങ്ങളിൽ
സ്വച്ഛമായർപ്പിച്ചിടുന്നിതാ ഞങ്ങൾ തൻ
അന്ത്യപ്രണാമങ്ങൾ നമ്രശിരസ്കരായ്
സച്ചിന്മയാ.. പരമേശ്വരാ.. ദേവാ..
സാഷ്ടാംഗമങ്ങേ നമസ്കരിക്കുന്നിതാ
താരാഗണങ്ങൾക്കധീശനായ് വിശ്വാധി-
നാഥവൈകുണ്ഠത്തിൽ വാഴ്ക ഗുരോ..
ഓർമ്മയിലെന്നും തെളിച്ചുനിർത്താനായി
താവക കാവ്യമെടുത്തുവെക്കുന്നിതാ.
"അഹങ്കാര ബീജം വരട്ടൂ..
സ്വയം നിൻ ചിതയ്ക്കഗ്നി
നീയേ കൊളുത്തൂ...
അതിൽ പ്രസ്ഫുരിക്കും
സ്ഫുലിംഗങ്ങളോരോന്നിൽ നിന്നും...
ഒരാദർശ ദീപം കൊളുത്തൂ…
കെടാതായതാജൻമ കാലം വളർത്തൂ..
അതിന്നായഹോരാത്രമേകൂ
സ്വജീവന്റെ രക്തം…
ഒരാദർശ ദീപം കൊളുത്തൂ…"
Not connected : |