തൊട്ടാൽ പൊട്ടാത്ത ചങ്ങല
ഐസൊലേഷൻ കൃതികൾ (#2)
തൊട്ടാൽ പൊട്ടാത്ത ചങ്ങല
പൂട്ടിയിട്ടതല്ലയാരും,
കൂട്ടിനൊപ്പമില്ലാതുമല്ല,
ഇട്ടതാണ് സ്വയം കൊട്ടിലിൽ
തൊട്ടുകൂട്ടാതെ ചങ്ങലപൊട്ടട്ടെ,
തട്ടിമുട്ടിപോയനാളുകൾ,
കൂട്ടിമുട്ടി നടന്നനാളുകൾ,
ഒട്ടിനിന്നു യാത്രചെയ്തവർ,
ഒട്ടുമില്ലയിന്നൊട്ടുമില്ല,
കൂട്ടിനുള്ളിൽ ആയിയെല്ലാം
വീട്ടിലുള്ളവർ വീട്ടിൽ തന്നെ
നാട്ടിലുള്ളവർ നാട്ടിൽ തന്നെ
റോട്ടിലൊട്ടും പോവാറില്ല
എട്ടും പൊട്ടും തിരിയാത്തവരും
നാട്ടറിവുകൾ വേറിട്ടറിയുന്നു
പെട്ടിയുരുട്ടി വന്നിരുന്നവർ
ഇട്ടാവട്ടത്തിൽ പെട്ടുപോയി
കുട്ടികൾ പെട്ടു, വെട്ടിച്ചോടാൻ
ഒട്ടുമില്ലാത്തിടത്തു തട്ടിതടഞ്ഞു
ഒട്ടുമേ വേണ്ട ഖേദമെന്നറിയുക
തട്ടുകേടില്ലാതെ നോക്കാനെന്നറിയുക
വിട്ടിടാം ഈ നാളുകളെ നമുക്ക്
തിട്ടപ്പെടുത്താതെ ഒട്ടുമോർക്കാതെയും
തൊട്ടുണർത്തുക ശുഭാപ്തിദീപ്‌തം
വിട്ടുണരുവാൻ ഈ ദിനങ്ങളെ..
Not connected : |