പ്രവാസിയുടെ ആത്മാവ് (കഥ) - ഇതരഎഴുത്തുകള്‍

പ്രവാസിയുടെ ആത്മാവ് (കഥ) 


ഭൂമിയിൽ പാറിക്കളിക്കാൻ മോഹിച്ച എനിക്കീ ആകാശത്തുകൂടെ ഇപ്പൊ ഭുമിയിലെ കാഴ്ചകൾ കണ്ട് കിളികളെപ്പോലെ പാറിപറക്കാനാകുന്നുണ്ട് കിളികളേക്കാൾ കേമനാണ് ഞാൻ എനിക്ക് വിശപ്പില്ല അന്നം വേണ്ട രോഗങ്ങളില്ല ഞാനിപ്പോ എന്റെ നാട്ടിലേക്കൊന്നു പോകുകയാണ്..
എന്നെകാണാത്ത എന്റെ പ്രിയതമയേയും മകളെയും കാണണം. മോൾക്ക് എന്തൊക്കെയോ വിശേഷങ്ങൾ ഉപ്പാനോട് പറയാനുണ്ടാകും. മിഠായിയും കൊണ്ട് വീട്ടിലെത്തുമ്പോൾ അവളുടെ ഉമ്മയുടെയടുത്തു നിന്ന് എന്റെയടുത്തേക്ക് ചാടിവരുന്ന മോൾക്ക് ഇനിയെനിക്ക് ഒന്നും കൊടുക്കാനാകില്ല. ഖൽബായിരുന്ന എന്റെ സാഹിറയുടെ പരിഭവങ്ങൾ കേൾക്കണം കൊച്ചു കുട്ടിയെപ്പോലെ എന്റെ മടിയിൽ തലവെച് സ്വപ്‌നങ്ങൾ നെയ്തുകൂട്ടാറുണ്ടായിരുന്നു ഒന്നും സഫലമായില്ല അവളുടെ ഏറ്റവും വലിയ സ്വപ്നം എന്റെ കൂടെ എപ്പോഴും ഒരുമിച്ചുണ്ടാകണം എന്നത് മാത്രമായിരുന്നു.നിറവുള്ള നിലവിനാണോ നീലക്കുറിഞ്ഞിക്കാനോ ചന്തം കൂടുതലെന്ന്‌ ചോദിച്ചാൽ ഇതുരണ്ടുമല്ല എന്റെ സാഹിറക്കാണ് എന്ന് ഞാൻ പറയും.
നാട്ടിലെ വരുമാനം കൊണ്ട് നമ്മൾ സ്വപ്നം കണ്ടതൊന്നും നടക്കില്ലെന്നൊരു തോന്നൽ വന്നപ്പോഴാണ് സാഹിറയോട് ഞാൻ കടല്കടക്കാനുള്ള എന്റ ആഗ്രഹം പറഞ്ഞത്.
കാറിൽ നിറയെ സാധനങ്ങളുമായി പേർഷ്യയിലെ രാജകുമാരന്മാരെപോലെ നല്ല കളറും തടിയൊക്കെ പുഷ്ട്ടിച്ചു വരുന്ന അയൽവാസികളെ അവളും കാണാറുണ്ടല്ലോ അവളും ഒന്നും മുടക്ക് പറഞ്ഞില്ല മോൻ നന്നാവുന്നതിൽ കുറഞ്ഞൊരു ആഗ്രഹവുമില്ലാത്തവരാണ് ലോകത്തുള്ള എല്ലാ ഉമ്മമാരും കണ്ണ് നിറഞ്ഞെങ്കിലും ഉമ്മയും പോകാൻ സമ്മതം മൂളി.. അങ്ങിനെയാണ് ചങ്ങാതിയുടെ പരിചയത്തിലുള്ള ഒരാളുടെയടുത്തു പൈസകൊടുത്ത് വിസ തരപ്പെടുത്തി മണലാരുണ്യത്തിൽ കാലുകുത്തിയത്..
വിരഹം എന്താണെന്നു ചോദിച്ചാൽ നിർവചനം പോലും അറിയില്ല കാരണം അത് അനുഭവമാണ്. കരളു പകുത്തു നല്കിയവരെയൊക്കെ കരക്കപ്പുറം നിർത്തി അന്നം തേടി കടല്കടന്ന ഹതഭാഗ്യരാല്ലോ നമ്മൾ. തിരികെ വരുന്ന നാളുകളെണ്ണി പ്രിയപ്പെട്ടവരവിടെ കഴിയുമ്പോൾ ഇവിടുത്തെ ചുടുകാറ്റിനും ചിലപ്പോ എന്റെ പ്രിയതമയുടെ നിശ്വാസത്തിന്റെ ഗന്ധമുണ്ടായിരുന്നു കാരണം ഇപ്പോഴെന്റെ പ്രണയം ഈ മണല്തരികളോടാണ് ഇവിടെ വിയർപ്പ് നൽകി പണം കായ്ക്കുന്ന മരമായി ഞാനിപ്പോ മാറി. ജീവിതം മറന്ന് തുടങ്ങിയിരിക്കുന്നു സൂര്യനോട് പിണങ്ങി നിഴലുപോലും ചിലപ്പോ കൂടെവരാറില്ല
വിരഹത്തിൻ തീയിൽ ഉരുകിത്തീർന്നില്ലാതാകുമ്പോഴും കരകാണാ കടലിന്നക്കരെ നിന്നും ഇളംകാറ്റായി എന്റെ കാതിലെത്തുന്ന അവളുടെ സ്വരം മാത്രം എന്റെ വേദനകളെയും ദുഖങ്ങളെയും ശമിപ്പിച്ചു. സ്വന്തമായി വീട് എന്റെയും സാഹിറയുടെയും ഏറ്റവും ആദ്യത്തെ സ്വപ്നമായിരുന്നു അതിനാണ് അവളെയും മോളെയും ഒറ്റക്കാക്കി ഇവിടെ വന്നത്.സ്ഥലം വാങ്ങി വീട് പണിതുടങ്ങി പണമൊക്കെ വീട്ടിനു വേണ്ടി അയക്കാനെ ഉണ്ടായിരുന്നുള്ളു അതുകൊണ്ട് എന്റെ നാടാണയാനുള്ള ആഗ്രഹങ്ങളൊക്കെ പാതിവഴിയിൽ പഞ്ചറായിരിക്കുന്നെന്ന് എനിക്ക് തോന്നി. ഒടുവിൽ വീട് പണിയൊക്കെ ഏകദേശം തീർന്നു അപ്പോഴേക്കും വർഷങ്ങൾ പലതും കൊഴിഞ്ഞുപോയി. പണ്ടത്തെപ്പോലെ ഊർജസ്വലതയൊന്നും തന്റെ പ്രിയതമയുടെ ശബ്ദത്തിലും കാണാതായി അവളും എന്റെ സാമീപ്യം ഒരുപാടാഗ്രഹിക്കുന്നുണ്ടായിരുന്നു വിളിക്കുമ്പോളൊക്കെ ഞാൻ വരാമെന്നു പറഞ് ഒഴിഞ്ഞുമാറും. അവളുടെ കണ്ണീർ കലർന്ന സംസാരം എനിക്കും കേട്ട് ശീലമായിത്തുടങ്ങി. മോൾ ഒന്നാം ക്ലാസ്സിൽ പോകാൻ തുടങ്ങി. മനസ്സ് വല്ലാതെ വേദനിക്കുന്നു എന്തൊക്കെ നേടിയാലും വിലപ്പെട്ട കുറെ വർഷങ്ങൾ നഷ്ട്ടമായിത്തന്നെ കിടക്കുന്നു തിരിച്ചുവരില്ലല്ലോ ഒന്നും..
ഇനി ഒരാഴ്ചകൂടി കഴിഞ്ഞാൽ നാട്ടിലേക്ക് പോകുകയാണ് വീടുപണികഴിഞ്ഞു ഇത്രനാളും കാത്തിരുന്നതും ആ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടിയാണ്.. ആദ്യമായിട്ടാണ് ഗൾഫിൽ നിന്ന് പോകുന്നത് അതുകൊണ്ട് കണ്ണില്കണ്ടതൊക്കെ വാങ്ങിച്ചു അവൾക്കും മോൾക്കും ഉമ്മാക്കും. ഒരുപാട് വർഷത്തിന് ശേഷം സാഹിറയുടെ പഴയ മൊഞ്ജ് ഞാൻ അവളുടെ ശബ്ദത്തിലൂടെ ആസ്വദിച്ചു.ഞാനും കല്യാണമുറപ്പിച്ച നാളിൽ അവളോട് കൊഞ്ചിയതുപോലെ സല്ലപിച്ചു ഒരുപാട് നേരം.ഇടക്ക് മോളും സ്കൂളിലെ വിശേഷങ്ങളും അവൾക്കും ക്ലാസ്സിലെ ചങ്ങാതിമാർക്കുമുള്ള ചോക്ലേറ്റിന്റെ ലിസ്റ്റും തന്നു. നേരം ഒരുപാട് വൈകി ഉറങ്ങാൻ. രാവിലെ ഉറക്കക്ഷീണത്തോട് മല്ലടിച് പുതപ്പിനു പുറത്തിറങ്ങി. എല്ലാം യന്ത്രികമായിരുന്നു കാരണം ടിക്കറ്റെടുത്തന്നു മുതൽ ഞാൻ സ്വപ്നലോകത്താണ് ശരീരം ഇവിടെയും മനസ്സ് നാട്ടിലെ പുതിയവീട്ടിൽ സാഹിറയുടെയും മോളുടെയുമെടുത്ത്.
രാവിലെ കാറിലിരുന്ന് എയർ ക്കണ്ടീഷന്റെ തണുത്ത കാറ്റ് മുഖത്തടിച്ചപ്പോ തന്നെ ഉറക്കം എന്നെ വീണ്ടും പിടികൂടാൻ തുടങ്ങിയിരുന്നു.
വണ്ടി ഹൈവേയിലേക്ക് കയറി സ്പീഡായിത്തുടങ്ങിയപ്പോൾ മയക്കം കണ്ണിലൊന്നു തലോടിപ്പോയതെ ഓര്മയുള്ളു..
ഞാനിപ്പോ ഈ കഥപറയുമ്പോ ദേഹമില്ലാതെ വെറും ദേഹി മാത്രമാണ്. പടച്ചോന് എന്നെ എന്റെ സാഹിറയെക്കാൾ ഇഷ്ടമാണ് അല്ലെങ്കിൽ എനിക്കിഷ്ട്ടപ്പെട്ടവരുടെയടുത്തേക്ക് പോകാൻ വിടാതെ എന്നെ അവിടേക്ക് വിളിക്കില്ലല്ലോ.
വീടിനുമുകളിലാണ് ഞാനിപ്പോ അവിടെ കാക്കകൾക്ക് ഇന്ന് കല്യാണം വന്നപോലെ സന്തോഷമാണ് എന്റെ പുതിയ വീട് ഫോട്ടോയിൽ കണ്ടതിനേക്കാൾ സുന്ദരമാണ് ആൾക്കാരൊക്കെ ഒരുപാട് വന്നുപോകുന്നു നല്ല ബിരിയാണിയുടെ മണം എന്റെ നാക്കിൽ വെള്ളമൂറുന്നു. ഞാനെങ്ങ്നെ കഴിക്കും എനിക്ക് ശരീരമില്ലല്ലോ ആത്മാവിന് എന്തിനാ ഭക്ഷണം...ഇനിയെനിക്ക് ആ വീടിനടുത്തേക്ക് പോകേണ്ടതില്ലല്ലോ അതിരുകളില്ലാത്ത ആകാശത്തിന് ചേർന്ന് അപ്പൂപ്പൻ താടി പോലെ പാറിക്കളിക്കാം.അവൾക്കും ഇനി എന്നെ മറക്കാൻ കാരണങ്ങളായി.
എന്നെ സ്വസ്ഥമായി വിശ്രമിക്കാൻ ആക്കിയ എന്റെ വീട്ടിലേക്ക് അതിഥികൾ ആരും വരാറില്ലെന്ന് തോന്നുന്നു.. വഴിയിലുടനീളം മുട്ടോളം വളർന്ന പുൽച്ചെടികൾ മാത്രം....



up
0
dowm

രചിച്ചത്:ഹകീം കോളയാട്
തീയതി:19-04-2020 04:53:22 AM
Added by :Hakkim Doha
വീക്ഷണം:73
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :