മാപ്പ് നൽകിയാലും
വൃക്ഷ ശ്രേഷ്ഠാ , നിൻചാരെയായ്
നില്ക്കും ഞാൻ, നിൻ യൗവനകാലത്തി-
ലൊരുചെറുവേഷം കെട്ടിയതോർത്തീടവേ .
നീലവിശാലമായൊരീ,യംബരം നോക്കി
ഹർഷംചൊരിഞ്ഞൊരാ നാളുകൾ
കടന്നുപോയതിൽ ഖേദിക്കുന്നിന്നു നാം,
യുഗങ്ങളിത്രമേലെത്തിനിൽക്കുമ്പോഴു-
മിന്നുമെൻ ചിത്തം വന്നിടുന്നില്ലെയീ
പുതുയുഗജീവിതശ്രേണിയിലെന്നുമേ.
എത്രയെത്രയോ ആണ്ടുകളായെന്നാകിലും
കാലമീ, യോർമ്മകൾക്കേകുന്നുബന്ധനം,
കാലം കുറച്ചതു മുൻപെയാണെന്നതു, ഇന്നലെ-
യെന്നപോൽ ഓമനിക്കേ, മാനത്തു നിന്നൊരു
പെൺകൊടി വന്നതാ, തൂകുന്നൊരുകുടം
ദാഹജലം, പനിയേറ്റുപൂഴിയിൽ മൂടിപ്പുതച്ച നിൻ
മരതകക്കൂമ്പുകൾ പൊന്തി വന്നൂ.
ഉദയജ്വാലപ്രകാശമതേറ്റിടാൻ കൊതിച്ചു നിൻ
ശിരസ്സാoത്തളിർക്കൂമ്പുകൾ, സരഭസമോടെ-
വളർന്നു നീവൃക്ഷമേ, കാലംകണക്കതു
വെട്ടിക്കുറക്കവേ,നിന്നുടെയൊപ്പമായ് കേളിയി-
ലാണ്ടെന്റെ കന്ദളമാകെ ചെമ ചെമക്കേ.
വിതച്ചതെൻ സരസ്സമാം കരങ്ങളാലല്ലെയോ,
വളർന്നതോ ധാത്രിയിൽ കാലംവിധിച്ചപോൽ.
താരട്ടുപാടുവാൻ കോകിലം കേമിയായ്
താലോലമാട്ടുവാൻ തെന്നലോ കേമനായ്.
മനമൊന്നുലക്കുമാ കുളിരും മണവു, മേറ്റിടാൻ
ഞാനുമണഞ്ഞു നിൻചാരേ.
കൗമാരവേളയിൽ പൂത്തുനിൻ ശാഖികൾ
പനിനീരുപെയ്യുന്ന നാളോ ഭയാനകം
അക്കരെക്കാണുന്ന സൂര്യനോ സുന്ദരം
കൊക്കുരുമ്മി കൂകുന്നു കോകിലം
കോൾമയിർകൊള്ളുമീ നാദം മനോഹരം.
തെന്നൽതഴുകുമാ നേരത്തു നീയെന്റെ
കരങ്ങളിലേകുന്നു മാമ്പഴം.
മുഖംമൂടിയില്ലാത്ത ചങ്ങാതിയാരെന്ന്
ചൊല്ലി ഞാൻ നിന്നുടെ കാതിൽസ്വകാര്യമായ്.
വാർദ്ധക്യമാണിന്നു നാമിരുപേരും, ചുക്കിച്ചുളി-
ഞ്ഞു ചുള്ളികൾ മാത്രമായ്, നീറുന്നു മാനസം
ഉലയുന്നു മേനികൾ, ശൂന്യമായ്പ്പോയിടുന്നേ-
കാന്ത ചിത്തവും.
ഇന്നുമെനിക്കറിവീല നിൻഫലത്തിന് രുചിരം
ആമോദമോടെ കഴിച്ചൊരാനാളങ്ങകലവേ
മുറിവീണു നില്കും നിന്നോമന മേനിയും
കണ്ടിടാൻ വയ്യെനിക്കിന്നു മിത്രമേ
കരളലിയിക്കുമാ കാഴ്ചകൾ കാണുവാൻ
തുറന്നിടാനരുളല്ലേയെൻ കരളിൻ കവാടമേ.
നിരുപമ സ്നേഹത്താൽ വളർന്നുനാമൊന്നായ്
കൂട്ടിനായ് വന്നതോ അണ്ണാർക്കണ്ണനും.
അന്നെൻ ജാലകവാതിൽപ്പടിമേലെ
ക്കണ്ടു നിന്നാനനം കൗതുകത്താൽ
ഇന്നാ ജാലകമേകുന്ന കാഴ്ചയോ ,
കണ്ണീർകുതിർന്നൊരാ കരിയിലയായ് .
മാപ്പു നൽകിയാലു,മെൻപ്രിയ മിത്രമേ
ഞാൻ, നിൻ യൗവനകാലത്തിങ്കലൊരു
ചെറുവേഷം കെട്ടിയതോർത്തു വിതുമ്പുന്നു.
ഓർത്തുപോകുമീ മാത്രകൾ തോറും
നിൻതിരു പാദം വണങ്ങാനൊരുങ്ങുമെൻ
കരങ്ങൾ വിറക്കുന്നറിയാതെയങ്ങനെ.
അഖിൽ മുരളി
Not connected : |