സ്വപ്നങ്ങൾ
ചില സ്വപ്നങ്ങൾ,
സ്വപ്നങ്ങളായ് തന്നെ അങ്ങ് കരുതി വെക്കണം.
ഇഷ്ട്ടപ്പെട്ട ജോലിയും ചെയ്ത്,
ആശിച്ച പെണ്ണിനേയും കെട്ടി,
മോഹിച്ച കാറും വാങ്ങി,
ഇച്ഛിച്ച വീടും പണിത്,
ഒടുവിൽ ഒരു നാൾ കബറിലേക്കൊരുങ്ങി കിടക്കുമ്പോൾ,
തിരിഞ്ഞ് നോക്കി
ഒന്ന് നെടുവീർപ്പെടാൻ,
നഷ്ട്ടപ്പെട്ടതൊക്കെയോർത്ത് ഒന്ന് പുഞ്ചിരിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ,
പിന്നെ എന്ത് ജീവിതം?
എന്തു മരണം?
ചില സ്വപ്നങ്ങൾ,
സ്വപ്നങ്ങളായ് തന്നെ അങ്ങ് കരുതി വെക്കണം.
മുടിയെല്ലാം കൊഴിഞ്ഞ്,
കൂനുക്കുത്തി,
ഉമ്മറത്തിണ്ണയിലിരുന്ന്
മഴച്ചാറ്റലേൽക്കുമ്പോൾ,
മഴയുടെ ശബ്ദത്തിന് കാത് കൊടുക്കുമ്പോൾ
ഒന്ന് നെടുവീർപ്പെടാൻ,
നഷ്ട്ടപ്പെട്ടതൊക്കെയോർത്ത് ഒന്ന് പുഞ്ചിരിക്കുവാൻ -
ചില സ്വപ്നങ്ങൾ - നമ്മൾ,
സ്വപ്നങ്ങളായ് തന്നെ കരുതിവെക്കണം.
അങ്ങനെ വേണം.
അങ്ങനേ പാടൂ...
ഒരുപക്ഷെ,
കരുതിവെക്കുന്ന ആ ചില സ്വപ്നങ്ങളിലൂടെയാവാം,
സുഹൃത്തെ,
അടുത്ത ജന്മം നാം കണ്ടുമുട്ടുക.
രാത്രിമഴ.
Not connected : |