മുദ്രവെക്കപ്പെട്ട ബലിമൃഗം - തത്ത്വചിന്തകവിതകള്‍

മുദ്രവെക്കപ്പെട്ട ബലിമൃഗം 

അറിഞ്ഞില്ല ഞാന്‍ എന്നോ മുദ്ര വെക്കപ്പെട്ട ഒരു ബലി മൃഗം
ഞാനറിഞ്ഞില്ല എന്നെന്‍ കണ്ഠനാഡികള്‍ അറുക്കപ്പെടുമെന്ന്
ഞാനറിഞ്ഞില്ല എന്നില്‍ ചാര്‍ത്തപ്പെട്ട നേര്‍ച്ചപ്പൂമാലകളെ
ഞാനറിഞ്ഞില്ല കാവല്‍ ഭടന്മാര്‍ എന്നെ തെളിച്ചു കൊണ്ടേയിരുന്നതും
അറിഞ്ഞില്ല എന്നോ മുദ്ര വെക്കപ്പെട്ട ഒരു ബലി മൃഗം ഞാന്‍

നടന്നു..., ആയിരം സഹതാപ കണ്ണുകള്‍ പുറകെയും
എന്നിലെ ഭാണ്ഡം ഞാനറിയാതെ നിറയുന്നു
ഭവ്യതായാല്‍ എന്നെ വണങ്ങുന്നു മാനുഷര്‍
ഒരുക്കുന്നു എനിക്കായ് സുഗന്ധ പാതകള്‍
അറിഞ്ഞില്ല എന്നോ മുദ്ര വെക്കപ്പെട്ട ഒരു ബലി മൃഗം ഞാന്‍

സ്വപ്ന തീരങ്ങള്‍ തേടി ഞാന്‍ അലഞ്ഞു
എന്നഭിലാഷ നിര്‍വൃതിയില്‍ ഞാനലിഞ്ഞു
അനുരാഗ സായൂജ്യം ഞാനതും പുല്‍കി
എന്തോ തടഞ്ഞില്ല എന്‍ കാവല്‍ ഭടന്മാര്‍
അറിഞ്ഞില്ല എന്നോ മുദ്ര വെക്കപ്പെട്ട ഒരു ബലി മൃഗം ഞാന്‍

ചുവന്ന നുരയാല്‍ ഇളകി മറിയുന്ന തിര എന്നോട് ചൊല്ലിയതും
കിരാത ഹസ്തങ്ങളാല്‍ വികൃതമാക്കപ്പെട്ട ഭൂമി എന്നോട് പാടിയതും
കറുത്തിരുണ്ട ആകാശമെന്നെ ബോധിപ്പിച്ചതും
ഓര്‍ക്കുക നിന്‍ അന്ത്യ അത്താഴത്തിന്‍ സമയമിതിപ്പോള്‍
അറിഞ്ഞില്ല എന്നോ മുദ്ര വെക്കപ്പെട്ട ഒരു ബലി മൃഗം ഞാന്‍

ആ വാക്കുകള്‍ പഴഞ്ചന്‍, ഹാ സ്വപ്നമേ നീ മായാതെ
തണുത്ത മന്ദ മാരുതനെ എന്നില് നീ ആവാഹിക്കുക
പട്ടിന്‍ കരിമ്പടമേ നീ എന്നെ ആശ്ലേഷിക്കുക
അലഞ്ഞു ഞാനൊരു പ്രഹേളിക പോല്‍
അറിഞ്ഞില്ല എന്നോ മുദ്ര വെക്കപ്പെട്ട ഒരു ബലി മൃഗം ഞാന്‍

ഒടുക്കം എന്‍ സ്വപ്ന കേളികള്‍ എങ്ങോ മറഞ്ഞു
എന്‍ കണ്ണുകളില്‍ ഇരുട്ട് നിറഞ്ഞു
ഭ്രാന്തമായ് ഞാനെന്‍റെ തല തല്ലി പിടഞ്ഞു
ഒരുപിടി മണ്ണ് എന്‍ വായില്‍ നിറഞ്ഞു
അറിഞ്ഞില്ല എന്നോ മുദ്ര വെക്കപ്പെട്ട ഒരു ബലി മൃഗം ഞാന്‍

കാണാം എനിക്കിപ്പോള്‍ എന്‍ കുഴിമാട പാലകര്‍
എന്നില്‍ പതിക്കുന്ന അന്ത്യ പുഷ്പങ്ങളും കണ്ണീര്‍ കണങ്ങളും
എന്നില്‍ വിരിയുന്നു ശക്തമാം സന്ദേശം
അലറി പറഞ്ഞു ഞാന്‍ ഘോരമാം ശബ്ദത്തില്‍
ഓര്‍ക്കുക! നിങ്ങളും മുദ്ര വെക്കപ്പെട്ട ബലി മൃഗങ്ങള്‍!!


up
0
dowm

രചിച്ചത്:ഹമദ് ബിന് സിദ്ധീഖ്
തീയതി:21-03-2013 03:34:17 PM
Added by :Hamad
വീക്ഷണം:203
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :