ചാപിള്ളയായ് വന്നിടാം ഞാന്‍ ...  - മലയാളകവിതകള്‍

ചാപിള്ളയായ് വന്നിടാം ഞാന്‍ ...  

അമ്മ തന്‍ ഓമന കുഞ്ഞേ പിറക്ക,നീ
അറിയുന്നില്ലെയെന്റെയീറ്റു നോവ്‌
അറിവിന്റെ തേന്‍ക്കനിയേകിടാം പൈതലേ
അലിവിനമമിഞ്ഞപ്പാലേകിടാം ഞാന്‍

അമ്മേ, ഞാനെന്തിനു ജനിക്കണമവനിയില്‍?
അതിഘോരാന്ധകാരമവിടെയെങ്ങും
അസുരന്മാര്‍ താണ്ഡവ നൃത്തമാടിടുമ്പോള്‍
അരുമയാമീ പെണ്‍കൊടിയെന്തുചെയ്യും ?

കാരുണ്യക്കടലായൊരമമതന്‍ മാര്‍വിടം
കനിവോടെ സ്നേഹം ചുരത്തിടുമ്പോള്‍
കാണാതിരിക്കുവാനാകുമൊ കണ്മണി
കനിയേണം വന്നു നീ വേഗം തന്നെ !

കാട്ടുമൃഗങ്ങളെന്‍ കുഞ്ഞിളം മേനിയെ
ക്രോധത്താല്‍ പച്ചക്കു തിന്നുകില്ലെ ?
കണ്ണു മറച്ചൊരു നീതിതന്‍ ദേവത
കാരുണ്യമില്ലാതെ നിന്നിടില്ലെ ?

വര്‍ണ്ണങ്ങളെമ്പാടും വാരി വിതറിയീ
വാസുന്ദര നിന്നെ കാത്തിരിപ്പു !
വര്‍ണ്ണവിളക്കുകളെമ്പാടും കത്തിച്ചു
വാനവും കുഞ്ഞിക്കാല്‍ കാത്തിരിപ്പു !

വന്നിടാനുള്ളത്തിലാഗ്രഹമെത്രയും
വരികിലെന്‍ ജീവിതം നരക തുല്യം !
വന്നു ഞാനിണ്ടല്‍ സഹിക്കതിലും ഭേദം
വടിവൊത്തരീ ഗര്‍ഭശയ്യ തന്നെ !

നിനവില്‍ നീ മാത്രമാനമ്മതന്‍ പൈതലേ
നിറമാര്‍ന്ന സ്വപ്നങ്ങളിലൊക്കെയും നീ തന്നെ
നിന്‍ കുഞ്ഞിക്കാലതു കണ്ടില്ലയെന്നാകില്‍
നിശ്ചയം, നിഷ്ഫലം.. അമ്മതന്‍ ഈ ജന്മം!

നീരാളിക്കൈകളില്‍ ജീവന്‍ പിടയുമ്പോള്‍
നിദ്രയിലായൊരു നീതി ശാസ്ത്രങ്ങളെ
നോക്കി കരഞ്ഞിടാനല്ലെ വിധിയുള്ളു
നേരും നെറിയുമെവിടെയെന്‍ പൊന്നമ്മേ!

മണ്ണിലെ സൌഭാഗ്യം മക്കളല്ലെ പൊന്നേ
മമമോഹം തുടിക്കുന്നു കണ്ടിടുവാന്‍
മന്ദാര മലരേ നീ വന്നില്ലയെന്നാകില്‍
മമ പ്രാണനും പോയിടും വേഗം തന്നെ !

മാരിവില്‍ പോലത്തെ കുഞ്ഞിളം മേനിയെ
മറ്റാരും കാണാതിരിക്ക വേണം
മണ്ണിതില്‍ ജീവിതം ഹോമിക്കിലും ഭേദം
മാതാവേ വന്നിടാം ചാപിള്ളയായ്!!


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:23-03-2013 03:44:55 PM
Added by :Abdul shukkoor.k.t
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :