വേദപുസ്തകത്തിലെ ലിഖിതങ്ങൾ മാഞ്ഞപ്പോൾ
ആകാശത്തോട് പിണങ്ങിയ ഭൂമി
വിറക്കാൻ തുടങ്ങി ...
കടൽ അലറാൻ തുടങ്ങി ...
രാത്രിയുടെ ദംഷ്ട്രകളേറ്റു
മുറിവേറ്റു ജ്വലിക്കാൻ തുടങ്ങിയ പകലിനു
സൂര്യൻ അടുത്ത കൂട്ടുകാരനായി !
അപ്പോൾ വേദപുസ്തകത്തിലെ
ലിഖിതങ്ങൾ മാഞ്ഞത് കണ്ട
ഒരു കുരുവിയുടെ ഹൃദയം തേങ്ങി ...
ത്രിശൂലങ്ങളും കുരിശുകളും ചന്ദ്രക്കലകളും
ചോരക്കൊണ്ട് ഉന്മൂലന സിദ്ധാന്തം രചിച്ചപ്പോൾ
തെരുവിന്റെ മൂലയിൽ വടി കുത്തി പിടിച്ചു നിന്ന
വൃദ്ധനായ പ്രതിമയുടെ ഹൃദയം രണ്ടായി പിളർന്നു !
കദറുകളും ചെങ്കൊടികളും ചോരമഷിയിൽ
പുതിയ തത്ത്വശാസ്ത്രങ്ങൾ മെനഞ്ഞു !
ധർമവും നീതിയും പുസ്തകത്താളുകളിൽ
മരിച്ചു വീണു:നീതിദേവത അവരോടൊത്തു മയങ്ങി !
അപ്പോൾ ഒരു കറുത്ത മേഘം
സൂര്യനെ മറച്ചു ...
അത് കണ്ട
ചെകുത്താൻ ചിരിച്ചു ...
Not connected : |