കാറ്റിന്റെ താലോലം
കനലുകളിൽ പൊള്ളിയ പാദങ്ങളും
ചിന്തകളിൽ വെന്ത ഹൃദയവുമായി
ഒരു തപ്തജന്മം നിത്യനിദ്ര പൂകിയപ്പോൾ
ശവക്കൂനക്കരികിലുള്ള കുറ്റിച്ചെടി
വിശറിയാക്കിക്കൊണ്ടൊരു കാറ്റ്
സാന്ത്വനിപ്പിച്ചു വീശിക്കൊണ്ടിരുന്നു
കാലമൊരു പൂവിൽ വരകൾ കോറിയിട്ടപ്പോൾ
തേൻ നുകർന്നു മദിച്ചുല്ലസിച്ച വണ്ടുകളും
നെഞ്ചിലെ കനിവിൽ വിരിഞ്ഞുണർന്ന ശലഭങ്ങളും
നന്ദികേടിലേക്ക് പടിയിറങ്ങിയപ്പോൾ
മണ്ണിലടർന്നു വീണ ദലങ്ങളെ നെഞ്ചോട് ചേർത്തൊരു
കാറ്റ് താലോലിച്ചു കൊണ്ടിരുന്നു
കാറ്റ്
വരണ്ടുണങ്ങിയ മരുഭൂമനസ്സിലേക്ക്
മഴമേഘങ്ങളെ ഓടിച്ചിട്ട് പോകുന്നു
കാറ്റ്
വസന്തം വർണ്ണം വിരിയിച്ച
ചില്ലകളിൽ നിന്നും പുഷ്പവൃഷ്ടി നടത്തുന്നു
Not connected : |