നിഴലുകൾ ഉണ്ടാകുന്നത്
നിഴലുകൾ ഉണ്ടാകുന്നത്
നിഴൽ-
ഒരു രേഖയിലുമില്ലാത്ത
പ്രസ്ഥാനമാണ്
ഇരുട്ടിലിരുന്നു
വെളിച്ചത്തോടു പടവെട്ടുമ്പോഴാണു
അവയ്ക്ക് ആത്മാവുണ്ടാകുന്നത്
അതുകൊണ്ടാണ്,
കണ്ഠനാഡിക്കടുത്തു കൂടുകൂട്ടിയിട്ടും
അദൃശ്യമായ വേരുകളുപയോഗിച്ചു
ഹൃദ്രക്തം ഊറ്റിക്കുടിച്ചിട്ടും
നാം അറിയാതെ പോകുന്നത്
നിഴലുകളോട് പടവെട്ടാൻ തീറെഴുതിയ
ഒരു ജന്മത്തിന്റെ ബാക്കിപത്രം
എന്തായാലും വിജയത്തിന്റേതായിരിക്കില്ല
ആറാമിന്ദ്രിയംകൊണ്ടു
നിഴലുകളെ തിരിച്ചറിഞ്ഞവന്റെ വായ്
ഏഴാമിന്ദ്രിയം കൊണ്ടു മുദ്രവെക്കപ്പെടുന്നു
കാഴ്ചവട്ടങ്ങൾകുള്ളിലുള്ളതു മാത്രമാണു
സത്യമെന്നു നിനക്കുന്നവൻ
തൊണ്ടക്കുഴിയിൽ ജീവൻ
അതിന്റെ അവസാനത്തെ
പിടച്ചിൽ പിടയുമ്പോഴും
ഒന്നുമറിയാതെ പോകുന്നു
കുഴിച്ചു മൂടപ്പെട്ട
സത്യത്തിന്റെ മുകളിലാണു
നിഴലുകൾ പെറ്റുപെരുകുന്നത്
Not connected : |