ചിങ്ങപ്പുലരിയില്‍ (കവിത)-അന്‍വര്‍ ഷാ ഉമയനല്ലൂര്‍
തീരത്തു തണലേകിടുന്ന കേരങ്ങളില്‍
തളിരോലകള്‍ ചിരിതൂകെ,
തരളിതഗാനങ്ങളാലിന്നു കുയിലുകള്‍
തെളിമയേകുന്നെന്നകമെ.
ഗ്രാമങ്ങളൊന്നായുണര്‍ന്നു, രമണീയ-
സൂനങ്ങളെങ്ങും നിറഞ്ഞു
ആനന്ദമകതാരിനേകുവാന്‍ തിരുവോണ-
മിന്നിതാ ചാരത്തണഞ്ഞു.
ഒന്നുപോലുന്മേഷമേകുന്നുഷസ്സുമീ-
പ്പുല്‍നാമ്പുമതുപോല്‍പ്പുഴയും
അങ്ങിങ്ങുമാനത്തു പൊങ്ങിപ്പറക്കുന്ന
ചിങ്ങമാസത്തേന്‍കിളിയും.
നെയ്യുന്നു നൂറൂനൂറായിരം സ്വപ്‌നങ്ങ-
ളോണക്കളങ്ങളൊരുക്കെ;
പൊന്മലയാളത്തനിമ തുളുമ്പുന്ന
വര്‍ണ്ണങ്ങളില്‍ നവ ലോകം.
ഊഞ്ഞാലിലാടിക്കളിക്കുന്നു കുഞ്ഞുങ്ങ-
ളലതല്ലിടുന്നിതാഹ്ലാദം
ആബാലവൃദ്ധമിന്നുല്ലാസമെന്തെ-
ന്നറിയുന്നിതുപുണ്യകാലം.
താരങ്ങളായിതാ ചാരത്തുവന്നുകണ്‍-
ചിമ്മിനില്‍ക്കുന്നു വസന്തം
മധുപകര്‍ന്നീടുന്നനുദിനമെന്നുടെ
കദളിവാഴപ്പഴത്തോട്ടം.
കസവുടയാടയണിഞ്ഞുനീങ്ങീടുന്ന
ശാലീനശലഭങ്ങളേപ്പോല്‍
ചിന്തുകള്‍ പാടിനടക്കുന്നു ഗ്രാമീണ-
പെണ്‍കൊടിമാരിതായിപ്പോള്‍.
കാണുന്നതെങ്ങുമേയഴകുള്ള കാഴ്ചക-
ളെന്നാലുമിന്നെന്റെ ഗ്രാമം
നിറയുന്നതറിയുന്നു മറയുന്ന പാടങ്ങ-
ളില്‍നിന്നുമുയരുന്ന ശോകം.
Not connected : |