ആദാമിന്റെ അന്തരംഗം
(അക്കാലത്തൊന്നിച്ചു ഗുരുകുലവാസം ചെയ്കമൂലം... എന്ന മട്ട്)
നീ സൃഷ്ടാവ്, നീ ബലവാൻ, സർവജ്ഞാനിയുമത്രേ നീ,
ഞാനോ സൃഷ്ടി, ബലഹീനൻ, ബോധം കുറഞ്ഞോൻ.
ഞാൻ പറഞ്ഞിട്ടല്ലല്ലോ നീ എന്നെ സൃഷ്ടിച്ചതുമതും
ഒരുപിടി പൊടിയാകും പൊടിമണ്ണിനാൽ!
എന്നെ മയക്കിക്കിടത്തി എന്റെ വാരിയെല്ലെടുത്താ
പെണ്ണിനെ സൃഷ്ടിച്ചതുമെന്നോടാരാഞ്ഞിട്ടല്ല!
ചിന്തിച്ചിട്ടു പിടിയില്ല എന്തുകൊണ്ടാ സർപ്പത്തെയും
സൃഷ്ടിച്ചു നീ വളർത്തിയാ ഏദനിൽത്തന്നെ!
വിലക്കപ്പെട്ടതാം വൃക്ഷം കൃത്യമായാ തോട്ടത്തിന്റെ
കൃത്യം നടുവിൽത്തന്നെ നീ നട്ടതെന്തിനായ് ?
തൊട്ടുകൂടാത്തൊരു പഴം അത്രമാത്രം നിറത്താലും,
മണത്താലും, രുചിയാലും മോഹനമാക്കി,
ആരെയുമാകർഷിക്കാൻ പാകമാകും പരുവത്തിൽ
കൈനീട്ടിയാൽ കയ്യിലാക്കാൻ മാത്രം ദൂരത്തിൽ,
വളർത്തിപ്പാകമാക്കിയിട്ടതിന്മേൽ തൊട്ടുകൂടാ
എന്നുവിലക്കാക്കിയതും എന്തിനായി നീ?
ഭൂത ഭാവി വർത്തമാനം കൃത്ത്യമായിട്ടറിയും നീ
ഭാവിയിൽ ഭവിപ്പാനുള്ള തറിഞ്ഞില്ലെന്നോ?
നിയമമുണ്ടാക്കിയിട്ടതെളുപ്പത്തിൽ ലംഘിക്കുവാൻ
അനുകൂലമായതെല്ലാം ആരു ചമച്ചു ?
ഉല്പ്പന്നത്തിൻ ഗുണമേന്മക്കുത്തരവാദിയിതാര്
ഉൽപ്പന്നമോ ഉൽപ്പന്നത്തെ മെനഞ്ഞവനോ?
മണ്ണു കൊണ്ടു നീ മെനഞ്ഞൊരെൻ തലയിൽ വേണ്ടുവോളും
ബോധമുളവാകാഞ്ഞതീ എന്റെ കുറ്റമോ ?
അറിവില്ലായ്മയാലത്രേ ഞാൻ പ്രവർത്തിച്ചതെന്നാൽ
അറിഞ്ഞുകൊണ്ടത്രേ നിന്റെ ചെയ്തികളെല്ലാം !
പായൽ പൂണ്ട പടവതിൽ തെറ്റിവീണ പാവമെന്നെ
തെറ്റുകാരനാക്കി വേഗം മുദ്രകുത്തി നീ!
അക്കാരണത്താലെന്നെനീ ആട്ടിപ്പായിച്ചതിലുള്ള
ഔചിത്ത്യമതെന്തെന്നെനിക്കറിയില്ലിന്നും!
പേടിച്ചന്നു ഞാനവിടുന്നിറങ്ങിത്തിരിച്ചു പക്ഷെ
ഓർത്തുനോക്കിൽ ശിക്ഷയിതിനർഹനല്ല ഞാൻ!
Not connected : |